Skip to main content

vivaha varshikam

വിവാഹ വാർഷികം
❤️❤️❤️❤️❤️❤️❤️❤️

     കുഞ്ഞമ്പു ഏട്ടൻ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. 
 ഒരു ദിവസം രണ്ടു പേരും ഞങ്ങളുടെ ഇറയത്തിരുന്നു തുമ്മാൻ (മുറുക്കാൻ , ) പങ്കു വെക്കുമ്പോഴാണ് അപ്പറത്തെ ജയശ്രീ ഏച്ചി അയിലെ വന്നത്
. കു ഏ: ഏട്യാണേ പോന്ന് ?
ജ: ഏ: അന്റെ വീട്ടില്( മുമ്പോട്ടേക്ക് ആംഗ്യം)
ക ഏ: കയിഞ്ഞ കൊല്ലം ചോയ്ക്കുമ്പം നീ ഇങ്ങോട്ട് ചൂണ്ടിക്കൊണ്ടല്ലേ അന്റെ വീട്ടില് ന്ന് പറഞ്ഞത്
ഇപ്പം നേരെ തിരിച്ചായാ? (ചിരി)
ജ. ഏ അത് പിന്നങ്ങന്നെയല്ലേ?
കു. ഏ:ഈ പെമ്പ്ള്ളറെയൊരു കാര്യം കല്യാണം കയ്ഞ്ഞാ ഒന്നോ രണ്ടോ കൊല്ലം അന്റെ വീട്ടിപ്പോന്ന്ന്ന് പറഞ്ഞും അമ്മേന്റെടുത്ത് വരും
കുറച്ചു കഴിയുമ്പം അന്റെ വീട്ടില് ന്ന് പറഞ്ഞ് പുര്വന്റെ വീട്ടിലേക്ക് പോകും
ഞങ്ങൾ മുന്നു പേരും ചിരിച്ച് ശരിവെച്ചു.
     അന്ന് കല്യാണം കഴിഞ്ഞ രണ്ടോ മുന്നോ മാസം പിന്നിട്ട .ഞാൻ പിന്നീട് പലപ്പോഴും ഇതിന്റെ അർത്ഥവ്യാപ്തിയെക്കുറിച്ച് ആലോചിക്കാറുണ്ട്.
പത്തിരുപത്തിനാല് കൊല്ലം തന്റെ ജീവനും സ്വപ്നവും ശ്വാസവും ഒക്കെയായിരുന്ന ഇടങ്ങൾ, തന്റെ ജീവിതത്തിലുടെ കടന്നുപോയ രുചികൾ  മണങ്ങൾ  നിറങ്ങൾ എല്ലാം കുറച്ചു കാലം കൊണ്ട് മാറ്റി വെക്കേണ്ടി വരുന്ന , അറിഞ്ഞോ അറിയാതയോ ഗതിമാറി ഒഴുകുന്ന പുഴയിലൂടെ ഒത്തൊഴുകുന്ന കുഞ്ഞരുവികളെപ്പോലെ അവരങ്ങനെ ഒഴുകിപ്പോകുകയാണ്.
പറയുതെന്താന്ന് വെച്ചാൽ ഈ അരുവി അങ്ങനെ ഒരു പുഴയിലെത്തി ചേർന്നൊഴുകാൻ തൊടങ്ങീട്ട് കൊല്ലം ഇരുപത്തിമൂന്നായിന്ന്❤️

വിവാഹ വാർഷികങ്ങൾ ഗംഭീരമായി ആഘോഷിക്കുകയും പരസ്പരം സമ്മാനം നൽകുകയും ചെയ്യുന്ന രീതി നമുക്കിടയിലും പുതുമയില്ലാത്തതാണല്ലോ
 എന്നാ ഇത് കേൾക്കൂ
  കല്യാണം കഴിഞ്ഞ തൊന്തരവും പങ്കപ്പാടും എല്ലാർക്കും പോലെ അനക്കും ഇണ്ടായിന് ഒരു പാട് അതെല്ലം  നേരം പോലെ പിന്നൊരിക്കെ പറയാം

 ആദ്യം ഞാൻ നേരിട്ട ഏറ്റവും വല്യ പ്രതിസന്ധി രുചികളിലെ മാറ്റം ആയിരുന്നു.
ന്ന്ച്ചാൽ, ഇച്ചിരി മീൻ ഇല്ലാതെ ഞങ്ങൾക്ക് അച്ഛനും മക്കൾക്കും ചോറിറങ്ങാറില്ല അതും വറുത്തത് ഇഷ്ടം, വെച്ചത് പിന്നെ നല്ലോണം ഇഷ്ടം😀
ഒരറിവ് വെച്ചേ പിന്നെ എന്റെ വീട്ടിൽ മീനില്ലാത്ത ദിവസം അപൂർവമായിരുന്നു.
 എന്റെ എല്ലാ ഭക്ഷണ പ്രീതിയെയും അപ്പാടെ ഇളക്കി മാറ്റിയത് ഏരുവേശ്ശിയിലെ അച്ഛന്റെ പ്രസ്താവനയായിരുന്നു. " മീനിന്റെ നാറ്റം കേട്ടാ പിന്നെ അന്ന് എന്തോ പോലെയായി "
ഇവിടെ മീൻ വാങ്ങുന്നത് വളരെ അപൂർവം.
അഥവാ വാങ്ങിയാൽ തന്നെ അത് മുറിക്കു നേനും വെക്കുന്നേനും ഒരു പാട് നിബന്ധനകൾ ഉണ്ടായിരുന്നു. അത് കൊണ്ട് പരമാവധി വാങ്ങാറില്ല.
 ഈ എന്തോ പോലെ - എന്നതു പോലെ തന്നെയായി എന്റെ ഭക്ഷണകാര്യവും
" ഓലനാണ് കേരളത്തിലെ ഏറ്റവും നല്ല കൂട്ടാൻ i "എന്നാണ് അമ്മേന്റെ പക്ഷം -
ഈ ഓലൻ കണ്ടുപിടിച്ച പെണ്ണ്ങ്ങള് നശിച്ചു പോണെ" എന്ന് പ്രാർത്ഥിച്ചാണ് ഞാൻ ചോറുണ്ണുന്നത്.
ഇങ്ങനെ പോകുന്ന അവസരത്തിങ്കലാണ് .......
ഞങ്ങളുടെ വിവാഹത്തിന്റെ ഒന്നാം വാർഷികം കടന്നുവരുന്നത്.
മോനെ പ്രസവിച്ച് തിരിച്ച് ഇവിടെ വന്നിരുന്നു.
ഏതു നേരം കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ഇതൊന്നും ഓർമിക്കാൻ നേരല്ലാത്തതോണ്ട് സത്യം പറഞ്ഞാൽ ഈ ദിവസൊന്നു അനക്കോർമയുണ്ടായിറ്റല്ല.
പക്ഷെ എന്റെ സ്നേഹനിധിയായ😂 ഭർത്താവ് വൈകുന്നേരം വന്നത് കൈയിൽ വല്യ ഒരു പൊതിയുമായാണ്❤️
" അതെന്നാ ഗംഗേ?" - അച്ഛൻ
: അമ്മേ ഓളേ ടുത്തു ? " - ഗംഗ
എന്താ ഒരു പുതുമന്ന് ബിചാരിച്ച് ഞാൻ വന്നു.
ഈ പൊതി (സമ്മാനം) കൈയിൽ തന്നിട്ട് വളരെ നാടകീയമായി
"ഹാപ്പി ആനിവേഴ്സറി " - എന്നു പറഞ്ഞു 
. "ഓ ഇന്നല്ലെ അവരെ കല്യാണം കഴിഞ്ഞ ദിവസം " - അച്ഛൻ അമ്മയോട് .
അച്ഛൻ അമ്മ ഞാൻ
വളരെ ആകാംക്ഷയോടെ യും അദ്ഭുതത്തോടെയും ഈ പൊതി അഴിച്ചു
സമ്മാനം കണ്ട് ഞാൻ വാ പൊളിച്ചു പോയി
അച്ഛൻ പൊട്ടിച്ചിരിക്കാനും
"അന്റെ മോക്ക് കൊറെ ദിവസം കുശാലായി " എന്ന് അമ്മ
പ്രിയപ്പെട്ടവരേ ,.... എന്താ സമ്മാനം ന്നല്ലേ നിങ്ങളെ ചിന്ത
ഒന്നൂഹിച്ചാട്ടെ ,  ഊഹം ശരിയാക്കുന്നവർക്ക് എന്റെ വക സമ്മാനം
😂 പൊതിയിൽ ഒരു കിലോ ഉണക്കു തുണ്ടനായിരുന്നു😂 ( സ്രാവ് )
എനിക്കിഷ്ടപ്പെട്ട സാധനം
" എങ്ങന്ണ്ട് എങ്ങനുണ്ട്?"
ഇന്നസെന്റ് ശൈലിയിൽ മൂപ്പരുടെ ചോദ്യം

ആദ്യം i "അയ്യേ" ന്ന് തോന്നിയെങ്കിലും നല്ല സമ്മാനം ന്ന് മനസ് പറഞ്ഞു.
പിന്നീടൊരിക്കലും എനിക്ക് വാർഷികത്തിന് സമ്മാനം വാങ്ങിത്തന്നിട്ടില്ല.

എപ്പോഴോ ഒരിക്കൽ പറഞ്ഞപ്പോ എന്നോടു പറഞ്ഞ ഒരു വാക്യമുണ്ട്
: ഞാനല്ലേ നിനക്ക് കിട്ടിയ ഏറ്റവും വല്യ സമ്മാനം" ന്ന് (സോപ്പിടൽ മത്സരത്തിന് ഇയാളുണ്ടെങ്കിൽ ഒന്നാം സമ്മാനത്തിന് ആരും കൊതിക്കണ്ട)
"ഉം അങ്ങനെയാ അങ്ങനെ ന്നു വിചാരിച്ച് നമ്മള് അരുവിയും പുഴയും ഒക്കെ ചേർന്ന് ഒഴുകാൻ തുടങ്ങീട്ട് ഇരുപത്തിമൂന്ന് കൊല്ലം തികഞ്ഞു എന്നാണ് പറഞ്ഞു വരുന്നത്

കല്ലുങ്കുട്ടങ്ങളിൽ തട്ടിച്ചിതറിപ്പോയിട്ടുണ്ട്
വല്യ പാറക്കെട്ടുകൾ കാണുമ്പോൾ പേടിച്ചു പോയിട്ടുണ്ട് , ഓടിയോടിത്തളരുമ്പോൾ കാലു കുഴഞ്ഞു പോയിട്ടുണ്ട് 
അപ്പോഴൊക്കെ
"പണവും സ്നേഹവും ചെലവാക്കാൻ പിശുക്കനാണെന്ന് " മനസിലും ചിലപ്പൊഴൊക്കെ ഉറക്കെയും വിചാരിച്ചിട്ടുള്ള ഈ മനുഷ്യൻ
" ഈടില്ലാതെ പണം കൊടുക്കുന്ന ബ്ലേഡുകാരനെപ്പോലെ " 
നിർലോഭമായ കരുതലും സ്നേഹവും നൽകി ചേർത്തുപിടിച്ചിട്ടുണ്ട്.
ഒപ്പം ഈ ചെറിയ ജീവിത നൗക ഉലയുമ്പോഴെല്ലാം രക്ഷിതാക്കളും കൂടപ്പിറപ്പുകളും താങ്ങായി നിന്നിട്ടുണ്ട്.

പഠിക്കുമ്പോഴും ജോലിക്കു പോകുമ്പോഴും അമ്മ ചോറെടുത്ത് വെച്ചില്ലെങ്കിൽ കഴിക്കാതെ പോകുമായിരുന്ന ഞാൻ (നിങ്ങളും) ഒരു കുടുംബത്തിന് വേണ്ടി വെക്കുകയും കഴിപ്പിക്കുകയും ചെയ്ത് വളർന്നു വളർന്ന്
ഇന്ന് മൂന്നാൺമക്കളെ (2+1) ശാസിച്ചു. സ്നേഹിച്ചും പോറ്റുന്ന കുംടുംബനാഥയായിരിക്കുന്നു. (റേഷൻ കാർഡ് മാത്രേയുള്ളു എനിക്ക്😂)

 ഒന്നാലോചിച്ചാ ഒന്നിച്ച് ജീവിച്ചു പോകുക അത്ര വല്യ കാര്യാണോന്ന് തോന്നും
എന്നാൽ
ഒന്ന് ആലോചിച്ചാൽ അത് വളരെ വല്യ കാര്യം തന്നെയാണ് എന്ന് തോന്നും

വാൽക്കഷ്ണം : 25 കൊല്ലങ്ങൾക്കിപ്പുറം ഇന്നലെ എന്റെ ഒരു സഹപാഠിയെ വിളിച്ചു.
കുറയേറെ സംസാരിച്ച കൂട്ടത്തിൽ അവൾ പറഞ്ഞു
: അവളുടെ സഹപ്രവർത്തകയുടെ മകൾ കല്യാണം കഴിഞ്ഞ് ആറു മാസത്തിന് ശേഷം " എനിക്കിത് ശരിയാവൂല അമ്മേ " ന്ന് പറഞ്ഞ് തിരിച്ചു വന്നു.
എന്താണ് പ്രശ്നം എന്നു ചോദിച്ചപ്പോ
അങ്ങനെയൊന്നുല രണ്ടാളും ശരിയാവൂല അത്ര തന്നെ.
ജോലിക്കാരിയായ മകൾ - തനിക്ക് ജോലിയുള്ളയാളെ യേ വേണ്ടുന്ന് പറഞ്ഞ്  വീട്ടുകാർ തേടി നടന്ന് ആലോചിച്ച് നിശ്ചയിച്ചുറപ്പിച്ച് ആറു മാസം കഴിഞ്ഞ് അതി ഗംഭീരമായിട്ടായിരുന്നു കല്യാണം
രണ്ടു പേർക്കു രണ്ട് സ്ഥലത്താണ് ജോലി ഒന്നിച്ച് ജീവിച്ചത് ഒരു മാസം
ഒരു ദിവസം അവൾ  അമ്മയെ വിളിച്ച് പറഞ്ഞു
"അമ്മേ ഞാനിത് വേണ്ടാന്ന് പറയട്ടെ, ന്ന്
അമ്മ അച്ഛനെ വിളിച്ച് പറയാൻ ശ്രമിക്കുന്നതിനിടെ അവളുടെ ഭർത്താവിന്റെ ഫോൺ വന്നു.
"ഇവൾ എന്താമ്മേ ഇങ്ങനെ പറയുന്നത് എന്താ കാര്യം ന്ന്?
കാര്യമൊന്നും അറിയില്ലെങ്കിലും ആറു മാസം നീണ്ട ആ ബന്ധം നിലച്ച മട്ടാണ്
പ്രിയപ്പെട്ടവരേ എത്ര നിസാരമായാണ് നമ്മുടെ കുട്ടികൾ ബന്ധം അറുത്തെറിയുന്നത് എന്നതിന് ഒരുദാഹരണമാണിത്
ബന്ധങ്ങൾ പവിത്രമാണ് എന്ന് പറയുന്ന നാട്ടിൽ ഇങ്ങനെയൊരു പ്രവണത കൂടി വരികയാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു

അപ്പൊ - ബോറടിച്ചില്ലാലോ
എന്നാ നമ്മള് മുമ്പോട്ട് തന്നെ തൊഴയോന്നെ❤️
ഒപ്പമുണ്ടാകണേ❤️

Comments