യാത്ര
നിറയെ ആളുണ്ടായിട്ടും
ബസിൽ ഞാനൊറ്റയ്ക്കായിരുന്നു
ആകാശത്തിലെ നരച്ച മൗനത്തിലേയ്ക്ക്
ജന്മാന്തര സുകൃതം തേടി
മനസ് ഇറങ്ങിപ്പോയി.
തന്നിഷ്ടം പോലെ 'കാറ്റ്
തഴുകാനെത്തിയെങ്കിലും
മരവിച്ച സ്വപ്നങ്ങൾക്ക്
മുഖമില്ലായിരുന്നു.
കയറ്റിറക്കങ്ങളിൽ ഞെരുങ്ങിയാലും
നീണ്ട നിരത്തിൽ ബസ് കുതിച്ചോടി.
നിറവും നിയമവും ചിരിയും കരച്ചിലും
നിറഞ്ഞും പൊഴിഞ്ഞുമിരുന്നു.
കണ്ണറിയാത്ത കാഴ്ചകൾ പിന്നിലേക്കും
ഹൃദയമില്ലാത്ത നിഴലുകൾ
മുന്നിലേക്കും കടന്നു പോയി
ഇറങ്ങാനുള്ള ഇടം കൃത്യമായിരുന്നു'
ആരും പറയാതെ
ഞാനവിടെ ഒറ്റയ്ക്കിറങ്ങി.
സരസ്വതി.കെ.എം
Comments
Post a Comment