തോറ്റു പോകില്ല
~ ~ ~ ~ ~ ~ ~ ~
ആദികാലത്താണുവായ് കുരുത്തു നാം
ആടി വേഷങ്ങളെത്രയോ ജന്മമായ്
പാതി മാനുഷർ പാഥേയമായവർ
വെട്ടി വെട്ടിത്തെളിയിച്ച പാതയിൽ
പൃഥ്വിയോളം വളർന്ന കരങ്ങളാൽ
എത്തിയാകാശ സീമയളന്നവർ
വ്യർത്ഥമോഹങ്ങൾ വീര്യം കുരുതികൾ
സ്വാർത്ഥ ലാഭങ്ങൾ ചില്ലുകൊട്ടാരങ്ങൾ
കോർത്തെടുക്കും കറുത്ത ശരങ്ങളെ
ആർത്തി പെയ്യും കരാള മേഘങ്ങളെ
തട്ടി നീക്കി മനുഷ്യൻ്റെ പുഞ്ചിരി
ചേർത്തു നിർത്തി പരസ്പരം ജീവിതം
പെട്ടു പോയിന്നു ലോകം വെറുമൊരു
ഇത്തിരിക്കുഞ്ഞു വൈറസിൻ കോട്ടയിൽ
പാതി പാടിയ പാട്ടു പോൽ മാനസം
ഭീതി മൂറ്റിയിന്നേകാന്ത ജീവിതം
പൂട്ടിനുള്ളിലകപ്പെട്ട ദൈവങ്ങൾ
നീട്ടി നിൽക്കുന്നു കാണിക്കവഞ്ചികൾ
ഏറ്റുചൊല്ലുവാനാകാതെ ചിന്തകൾ
പേറ്റുനോവായ് കുരുങ്ങുന്നു തൊണ്ടയിൽ
വിശ്വമിന്നുചുരുങ്ങി കൊറോണയിൽ
ശ്വാസമില്ലാതൊടുങ്ങിപ്പിടയവേ
തോറ്റു പോകില്ല നമ്മൾ, കരുത്തെഴും
ശാസ്ത്ര ബോധത്തിൽ കൈ കഴുകുന്നവർ
തുപ്പുവാനുള്ളതല്ലീ നിരത്തുകൾ
മുഖ്യമാണിനി മാസ്കു ധരിക്കണം
ഓർത്തു നമ്മളകലങ്ങളാകണം
വിശ്വമോഹിനി സന്ധ്യയെ പുൽകി
യി ന്നന്ത്യശ്വാസം വലിക്കൊന്നരംശുമാൻ
അന്തിയാമങ്ങൾ നീന്തിയുഷസ്സിൻ്റെ
ചെങ്കതിരു കുലക്കുന്ന പോലവേ
ഒത്തു നിന്നു പൊരുതി ജയിച്ചതാം
വിത്ത ഗാഥകളെത്ര ചരിത്രമായ് !
സരസ്വതി ' കെ.എം
Comments
Post a Comment