Skip to main content

sneham (സ്നേഹത്തിന്റെ വില)

സ്നേഹത്തിന്റെ വില

ആരാലും പരിഗണിക്കപ്പെടാത്ത ചില ജീവിതങ്ങൾ സ്നേഹം കിട്ടുന്നിടത്തേക്ക് പറ്റിപ്പിടിച്ച് വളരും അതിൽ നിന്ന് അവരെ അടർത്തിമാറ്റാൻ വളരെ വിഷമിക്കും
ആത്മാർത്ഥമായ സ്നേഹം എന്നെ പല അബദ്ധങ്ങളിലും ചാടിച്ചിട്ടുണ്ട്
അതിലൊന്നാണ് ഇത്.

2000ത്തിലാണ് പുതിയ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത് കന്നട + മലയാളം മീഡിയം
മലയാളത്തിൽ കുട്ടികൾ കുറവാണ് അധ്യാപകർ സ്ഥിരമല്ലാത്തതാണ് ഒരു കാരണം
കന്നട വിഭാഗത്തിൻ്റെ മേൽക്കോയ്മയാണ് പറയാത്ത മറ്റൊരു കാരണം

പ്രൈമറി സ്കൂളിൽ സാധാരണ പരാതിയുടെ പ്രവാഹമായിരിക്കും ഉച്ചക്കും ഇൻറർവെൽ സമയത്തും
ഉച്ചക്ക് ഞാൻ ഭക്ഷണം കഴിച്ചു വരുന്ന സമയത്ത് മിക്കവാറും സുരേഷ് ഹെഡ് മാഷിൻ്റെ കസേരയ്ക്കടുത്ത് കുറ്റവാളിയായി മുഖം കുനിച്ച് നിൽക്കുന്നുണ്ടാകും
ഒന്നാം ക്ലാസിലാണെങ്കിലും നല്ല ശരീരവളർച്ചയുണ്ട്. സമീപത്തെ കോളനിയിൽ നിന്നു വരുന്നു.
എല്ലാ ദിവസോം ഉച്ചക്ക് ഇവനെ മുന്നിൽ നിർത്തിക്കൊണ്ട് ഒരു പരാതി പട ഓഫിസിലെത്തും
എല്ലാരുടെയും കേസിലെ പ്രതി സുരേഷായിരിക്കും എച്ച്എം 'ഓ സീനിയ റോ അവനെ പിടിച്ച് രണ്ടടി കൊടുക്കും
എല്ലാരുടെയും പരാതി തീരും
ഇതു പതിവായപ്പോൾ ഒന്നും മിണ്ടാതെ അടി വാങ്ങി  മുഖം കുനിച്ച് അടുത്ത അടി കാത്ത് നടന്നു പോകുന്ന സുരേഷ് എൻ്റെ മനസിനെ തൊട്ടു '
ഒരു ദിവസം പതിവുപോലെ ഇവനെ എഴുന്നള്ളിച്ചുകൊണ്ട് ഒരു ജാഥ എത്തി
രണ്ടു പേരുടെ ഷർട്ട് കീറിയിട്ടുണ്ട്
സീനിയർ വടിയും കൊണ്ട് ഇറങ്ങി വന്നു.സുരേഷിൻ്റെ കൈ പിടിച്ചു അടുത്തത് അടിയാണ്
എന്നിലെ പ്രതികരണത്തൊഴിലാളി ഉണർന്നു.
(ചെറുപ്പത്തിലേ ഉള്ള സൂക്കേടാണ്)
ഞാൻ: സർ രണ്ടു മുന്നാൾ അടി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരാൾ മാത്രം കുറ്റക്കാരനാകുമോ? അവനെ മാത്രം അടിക്കുന്നത് ശരിയല്ല
സർ - നിങ്ങക്ക് ഇവിടത്തെ രീതി അറിയില്ല
ഇതെല്ലം വീട്ട്ന്ന് ' സ്ഥലം ഒഴിവാക്കാൻ വരുന്നതാ ( പിന്നെ അവരുടെ സ്വഭാവത്തെക്കുറിച്ച് ഒരു ലഘു പ്രസംഗം)
എന്തായാലും ഈ രീതി ശരിയല്ല - ഞാൻ എൻ്റെ നിലപാടിൽ ഉറച്ചു നിന്നു.
ആദ്യത്തെ സംഭവമാണ് അച്ചടക്കം നടപ്പാക്കുന്നതിൽ ആരും ഇടപെടാറില്ല.
പിന്നീട് സുരേഷുമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ എൻ്റെയടുത്തു വരാൻ തുടങ്ങി

ഒരു ദിവസം ഞാൻ പറഞ്ഞു. നീ കഞ്ഞി കുടിച്ചിറ്റ് എൻ്റ ക്വാർട്ടേഴ്സിലേക്കു വാ
(ഉച്ചക്കത്തെ കേസുകെട്ട് ഒഴിവാക്കാലോ )
സ്കൂളിനടുത്താണ് ഞാൻ താമസം കൂടെ ഉണ്ണിയും അവനെ നോക്കുന്ന വല്യമ്മയും
ഇവൻ  എൻ്റെ വീട്ടിലെ പതിവുകാരനായി
വീട്ടിനുള്ളിൽ കയറി കളിക്കാൻ തുടങ്ങി
ഉണ്ണി സുരേഷിനെ കാത്തിരിക്കാൻ തുടങ്ങി
ഭക്ഷണത്തിൽ ഒരോഹരി 'അവനും കൂടെ കരുതും
വൃത്തിയായി വന്നില്ലെങ്കിൽ ഉണ്ണീടൊപ്പം കളിക്കാൻ വിടൂല എന്ന ഭീഷണിക്കു മുമ്പിൽ എല്ലാ ദിവസവും കുളിച്ച് വൃത്തിക്കുള്ള കുപ്പായോം ഇട്ട് വരാൻ തുടങ്ങി (പ്രല ' തവണ ശ്രമിച്ചിട്ട് പറ്റാത്തതാണ്)
അല്പസ്വല്പം എഴുതാനും വായിക്കാനും ശ്രമിച്ചു കുരുത്തക്കേട് കുറഞ്ഞു.
ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ ആരുമില്ലാത്ത സമയം ഞാൻ അവനെ രാത്രിയിലും സഹായത്തിന് വിളിച്ചു.
ഇതറിഞ്ഞപ്പോൾ എല്ലാർക്കും അദ്ഭുതമായി

ഒരാൾ എന്നോടു സ്വകാര്യം പറഞ്ഞു "ടീച്ചറെ അയ്റ്റ ള് ചെരുപ്പുകുത്തിയാ അറിലെ "
ഞാൻ മനസ്സിൽ ചിരിച്ചു -
"ഇവൻ നിനക്ക് പാരയാക്വേ " എന്ന് Ak G യും പല പ്രാവശ്യം പറഞ്ഞു. 
ഞാൻ മുഖവിലക്കെടുത്തില്ല
"പാവം കുട്ടി"
അങ്ങനെ വർഷം മൂന്നു കഴിഞ്ഞു.
സുരേഷ് 4 ൽ നിന്ന് ജയിച്ച് ഹൈസ്കൂളിലേക്കും (5ൽ ) ഞാൻ ടാൻസ്ഫറായി ബേക്കലത്തേക്കും പോയത് ഒന്നിച്ചായിരുന്നു'
സ്ഥലം മാറിയെന്നു കേട്ടപ്പോൾ അവൻ വിചാരിച്ചു സ്കൂളെ മാറു താമസം അവിടെ തന്നെ ആയിരിക്കും ന്ന്
ഒരു ഞായറാഴ്ച രാവിലെ സുരേഷ് ക്വാർട്ടേഴ്സിലെത്തുമ്പോൾAKG വണ്ടിയിലേക്ക് സാധനങ്ങൾ കയറ്റുകയാണ്
"ടീച്ചറെ ങ്ങള് ഏട്യാ പോന്ന്?
എടാ സ്ഥലം മാറി എന്ന് നിന്നോട് പറഞ്ഞിട്ടില്ലേ?
അവൻ്റെ കണ്ണ് നിറഞ്ഞു.
[ഒരു കാരണവശാലും പുതിയ സ്കൂൾ എവിടെയാണെന്ന് അവനോട് പറയരുതെന്ന് AKG പറഞ്ഞിരുന്നു ]
ടീച്ചറേ ഞാനും വണ്ടീല് പോയ്ക്കോട്ടെ?
പാവം കൂട്ടിക്കോ - ഞാൻ പറഞ്ഞു
അങ്ങനെ അവനെയും കൂട്ടി സാധനങ്ങൾ പുതിയ താമസ സ്ഥലത്തെത്തിച്ചു.
തിരിച്ചു വന്ന് ഉണ്ണിയോടൊപ്പം കളിക്കുന്ന സുരേഷിനെ നിർബസിച്ചാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്
ഞാൻ പാലക്കുന്നിൽ താമസമാക്കി
ഉണ്ണിയെ അച്ഛൻ്റെ നിർബന്ധം കാരണം വീട്ടിലാക്കി (അവന് ചേട്ടൻ്റ കൂടെ നിൽക്കാൻ വല്യ ഇഷ്ടവുമാണ്.
അങ്ങനെ ബേക്കലത്തെ സുരേ ഷുമാരെ കണ്ടെത്താനും അവർക്ക് വേണ്ടി വല്ലതുമൊക്കെ ചെയ്യാനും തുടങ്ങി

ഒരു ദിവസം നാലാം ക്ലാസിൽ മലയാളം പഠിപ്പിച്ചു കൊണ്ടിരിക്കെ ഗ്രീഷ്മ ജനലിനു നേരെ കൈ ചൂണ്ടി
'' ടീച്ചറെ ...
റോഡരി കാണ് പലരും വരാന്തയിൽ വന്നിരിക്കാറുണ്ടായിരുന്നു ചെലപ്പൊ കുട്ടികളെ വല്യച്ച നോ ചേട്ടനോ ചെലപ്പോ ഭിക്ഷക്കാരോ അത് പതിവാണ്
ഞാൻ നോക്കിയപ്പോ ആരെയും കണ്ടില്ല'
വീണ്ടും - ജനലരികിൽ ഒരു മുഖം മിന്നി മറഞ്ഞു. ഞാൻ പുറത്തിറങ്ങി. പിന്നിലെ ജനാലക്കരികിൽ സുരേഷ് മുഖം കുനിച്ച്നിൽക്കുന്നു.
"ഈശ്വരാ ഇന കുട്ടി എങ്ങനെ ഇവിടെയെത്തി?"[AKG നീ പോകുന്ന സ്കൂൾ എവിടെയാണെന്ന് പറയരുത് എന്നു പറഞ്ഞതിൻ്റെ പൊരുൾ അപ്പോഴാണ് എനിക്ക് പിടി കിട്ടിയത്.]
" ഇങ്ങു വാ " ഞാൻ സ്നേഹത്തോടെ വിളിച്ചു.
എൻ്റെ... അടുത്തെത്തിയതും
"ടീച്ചറെ .'' കുഞ്ഞിയോട് ത്തു - "ന്നും പറഞ്ഞ് ഒറ്റക്കരച്ചിൽ (എത്ര അടി കിട്ടിയാലും കരയാത്തവനാണ് )
ഉണ്ണിയെ കാണാനാണ് 'അവർ അത്രയ്ക്കും സ്നേഹമായിരുന്നു.
എൻ്റെ കണ്ണും നിറഞ്ഞു ചുറ്റും കൂടി നിൽക്കുന്ന നാലാം ക്ലാസുകാരെ ഓടിച്ച് ക്ലാസിൽ കയറ്റുമ്പോ ഞാൻ കണ്ണു തുടച്ചു.
അവനെ ചേർത്തു പിടിച്ച് വിശേഷങ്ങൾ ചോദിച്ചു.ഉണ്ണി നാട്ടിലാണ് വരുമ്പോൾ നിന്നെ കാണാൻ വരാംന്ന് പറഞ്ഞു. അവൻ്റെ സങ്കടം കുറഞ്ഞു.
"നീ എങ്ങനെയാ മോനെ സ്കൂൾ കണ്ടു പിടിച്ചത്! " ?
"ഞാൻ ടീച്ചറ് നിക്കന്ന വീട്ടില് പോയി
ആട ഒരു ടീച്ചറ്ണ്ടായിര്ന്നു. ഓര് പറഞ്ഞു തന്നു."
എന്ന റ്റ് നീ എങ്ങനെ വന്നു?
" നടന്നിറ്റ് "
അവൻ്റെ സ്കൂളിൽ സമരമായിരുന്നു. അവിടെ നിന്ന് അഞ്ചാറ് കിലോമീറ്റർ ദൂരമുണ്ട് ഇവിടെ
ദൈവമേ നടന്നിട്ടോ- ''
ഉച്ചക്കത്തെ കഞ്ഞി കൊടുത്ത് അവൻ്റെ നാട്ടിലേക്കുള്ള ബസിൽ കയറ്റി പത്തു രൂപയും നൽകി ക്ലീനറെ പറഞ്ഞേൽപ്പിച്ചു'

രണ്ട് മൂന്നു ദിവസം എൻ്റെ മനസിൽ ഇതു കിടന്നു നീറി
വീണ്ടും നമ്മൾ വർത്തമാനത്തിലേക്കു തിരിച്ചു വന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും അതാ സുരേഷ് എൻ്റെ ക്ലാസിൻ്റെ വാതിൽക്കൽ .
ഇത് അത്ര പന്തിയല്ലല്ലോ എന്ന് എനിക്ക് തോന്നി
ഞാൻ അത്ര സുഖത്തിലല്ല അവനോട് പെരുമാറിയത്
അന്നും ഉച്ചക്കഞ്ഞി കൊടുത്ത് 10 രൂപയും നൽകി "നീ ബസിന് കയറിക്കോ ബസ് ഇപ്പം വരും എന്ന് പറഞ്ഞ് ഞാനവനെ പറഞ്ഞയച്ചു.
"ഇനി ഇവിടെ വന്നാൽ ഹെഡ് മാഷ് വഴക്കുപറയും അതുകൊണ്ട് വരണ്ട എന്നും 

രാത്രി ക്വാർട്ടേഴ്സിൽ മറ്റ് ടീച്ചർമാരോടൊപ്പം ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ കോളിംഗ് ബെല്ലടിച്ചു.
" ഒന്ന് നോക്കു ടീച്ചറെ "- രാജമ്മ ടീച്ചർ പറഞ്ഞു.
ഞാൻ വാതിൽ തുറന്നു.
സുരേഷിൻ്റെ അച്ഛനും അമ്മയും വാതിൽക്കൽ
"ടീച്ചറെ സുരേഷ് ഇവിടെ വന്നിനാ ? നിങ്ങളെ ഓൻ കാണാൻ വരല്ണ്ട്ന്ന് പിള്ളറ് പറഞ്ഞു. "
എൻ്റെ മനസിലൂടെ ഒരു കൊള്ളിയാൻ പുളഞ്ഞു പോയി
 "അവൻ ഇന്ന് സ്കൂളിൽ വന്നിരുന്നു. അവനോട് തിരിച്ചു പോകാൻ പറഞ്ഞ് ബസിന് പൈസയും കൊടുത്ത് പറഞ്ഞയച്ചു - ഞാൻ പറഞ്ഞു.
അവർ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല എനിക്ക് ബോധമുണ്ടോ എന്നു പോലും തിരിച്ചറിയാത്ത അവസ്ഥ.
ബസിൽ കയറ്റി വിടാതെ പോയ ബുദ്ധി മോശത്തിന് ഞാൻ എന്നെ ശപിച്ചു.
ബേക്കൽ സ്കൂളിന് മുൻവശം ഹൈവേ റോഡാണ് അതിനുമപ്പുറം റെയിൽവേ ലൈൻ, ഇപ്പുറത്തെ ഭാഗം കടൽ
"ഈ കുട്ടി എവിടെ പോയിരിക്കും ഈശ്വരാ!"
എൻ്റെ കൈകാലുകൾ തളർന്നു.[ ഇവൻ നിനക്ക് പാരയാകും - എന്ന കവിവാക്യം മനസിലേക്കുയർന്നു വന്നു ] AKGയെ വിളിക്കാൻ ധൈര്യമില്ല.
ആ സമയത്ത് സൂര്യ ടിവിയിൽ വിവിധ കാരണങ്ങൾ കൊണ്ട് സ്കൂൾ വിട്ടുപോയ കുട്ടികളെ കുറിച്ചുള്ള ഫീച്ചർ ഉണ്ടായിരുന്നു.
കൂടെയുള്ള ഒരുത്തി തമാശിച്ചു " ഇതു പോലെ ഒരു ദിവസം നിങ്ങടെ കഥയും വരും "മറ്റുള്ളവർ അവരെ ശാസിച്ചു.
ഞാൻ ഭക്ഷണം കഴിക്കാതെ ഉറങ്ങാതെ നേരം വെളുപ്പിച്ചു.രാവിലെ 8 മണിക്ക് ആ നാട്ടിലെ ബസുണ്ട്' എല്ലാം നാട്ടുകാരായിരിക്കും. അവർക്കൊക്കെ എന്നെ അറിയാം നേരത്തെ ഇറങ്ങി " ഹക്കിം ബസ് " വന്നുഅതിൽ കയറിയ ഉടനെ ഭാസ്കരേട്ടൻ ചോയ്ച്ചു
"ടീച്ചറെ ആ ചെക്കനെ കിട്ടിയാ നിങ്ങളെ ടെക്ക വന്നിന് ന്ന് പറയ് ന്ന കേട്ടിന് "
എൻ്റെ കണ്ണിൽ ഇരുട്ടു കയറി
11.30 ന് ആ ബസ് തിരിച്ചു വരും
ഞാൻ എച്ച് എം നോട് വിവരം പറഞ്ഞ് അതിന് കയറി സുരേഷിൻ്റെ നാട്ടിലെത്തി
കണ്ടപാടെ ചായക്കടയിലെ മോഹനേട്ടൻ പറഞ്ഞു.
"ടീച്ചറെ ചെക്കനെ കിട്ടീന് കെട്ടാ
പാലക്കുന്നില് ചായപ്പീട് യേൻ്റ മുമ്പില് കെടന്ന് ഉറങ്ങുന്നുണ്ടേന് പോലും "
ഈശ്വരാ അപായമൊന്നും പറ്റിയില്ലല്ലോ ഞാൻ ദീർഘശ്വാസം അയച്ചു.

ഞാൻ കൊടുത്ത പൈസക്ക് ചായയും കുടിച്ച് സന്ധ്യയായപ്പോൾ അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോയതാണ് 

രാത്രിഎൻ്റെ അടുത്ത് വന്ന് അന്വേഷിച്ച്തിരിച്ചു വരുമ്പോൾ തന്നെ അവർക്ക് കുട്ടിയെ കിട്ടി
പക്ഷെ എന്നോടൊരു വിവരം പറയാനുള്ള
അറിവ് അവർക്കുണ്ടായില്ല.
ഒരു രാത്രിയും പകലും ഞാൻ തിന്ന തീ
അത് പറ.ഞ്ഞാലും എഴുതിയാലും അണയാത്തത്ര ഭയങ്കരമായിരുന്നു

എന്തായാലും ഇത് എനിക്കൊരു വലിയ തിരിച്ചറിവായിരുന്നു. ആരെയായാലും സ്നേഹിക്കുമ്പോൾ ഒരു അകലം വെക്കണം എന്ന തിരിച്ചറിവ്

സരസ്വതി" കെ.എം

Comments