Skip to main content

porul . (പൊരുൾ)

പൊരുൾ -
- - - - - - - -
അക്ഷരത്തെറ്റു നിറഞ്ഞ
ഡയറി പോലെയാണെന്റെ യുള്ളം
കൂട്ടിച്ചേർത്തു വായിച്ചാൽ
നീറുന്ന സത്യങ്ങളും
പുകയുന്ന വേദനയും
രക്തം പൊടിയുന്ന
വർത്തമാനവും
തിളയ്ക്കുന്ന രോഷവും
തുളുമ്പുന്ന ചിന്തകൾ

നേരം തെറ്റിയ ക്ലോക്കു പോലെ
പകലിരവിന്റെ
കണക്കറിയാതെ പാടുന്ന പുള്ളുകൾ
ഉച്ചക്കാറ്റിലുലഞ്ഞ്
കൊഴിഞ്ഞു പോയ കിനാവുകൾ
കനവു പൂക്കുമൊരിടം തേടി
ചിറകൊടിഞ്ഞു പറക്കുന്നു.

.കരളു നോവാത്ത ഗാനം
ക്രിയ ചെയ്യാതൊരു ത്തരം
പിടി തരാതെയുള്ളിൽ
ചുഴലിയാവുന്നു മൂകം

വാക്കിനുള്ളിലൊതുങ്ങാത്ത
ചിന്തകൾ
വക്കുപൊട്ടിയ പട്ടമായ്
വായുവിൽ
ചന്തമില്ലാത്ത ചിത്രം
വരയ്ക്കുന്നു.

അന്തിവാനം നിറം പകർന്നാലും
ചെന്തീയതിൽ തെളിഞ്ഞു
കത്തുന്നു.
അന്തമില്ലാത്ത ചോദ്യങ്ങൾ
എപ്പോഴും
മുള്ളുവേലി മുറുക്കുന്നു
ചുറ്റിലും
കതിരു തേടി പക്ഷികൾ
പറക്കുന്നു.
പൊരുളു തേടി തളരുന്നു
ജീവിതം

സരസ്വതി. കെ.എം.

Comments