"ങ്ങള് നമ്പ്യാര് കുട്ടീനെ ഇങ്ങ് കൂട്ടിക്കോ ടീച്ചറെ "
ഇനി എന്താണ് വഴി എന്ന് ചിന്തിച്ച് വിഷണ്ണയായിരിക്കുന്ന എന്നോട് ആങ്ങള പറഞ്ഞു. " ഈ യാഴ്ച എനിക്ക് ലീവാണ് ഞാൻ വരാം. അപ്പോഴേക്കും എന്തെങ്കിലും വകുപ്പ് ണ്ടാക്കാൻ പറ ഗംഗേട്ടനോട് "
ഒരാഴ്ചയെങ്കിൽ ഒരാഴ്ച ഞങ്ങൾ കാസർഗോഡേക്ക് വന്നു.
രാവിലെ കുഞ്ഞിനെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയാണ് സ്കൂളിൽ പോകുന്നത്. ഉണർന്നാൽ കൊടുക്കേണ്ട തൊക്കെ വെവ്വേറെ പാത്രത്തിൽ എടുത്തു വെക്കും.
ഉറങ്ങിയെണീറ്റ ഇവൻ കുഞ്ഞു മാമന്റെയടുത്ത് തീരെ അടുക്കുന്നില്ല നിർത്താതെ കരയാൻ തുടങ്ങി.
നിവൃത്തിയില്ലാതെ ഇവൻ മെല്ലെ കുഞ്ഞിനെയുമെടുത്ത് സ്കൂളിൽ എന്റെ ക്ലാസിനു നേരെ വന്ന് നിന്നു.
(ഉള്ളതു പറയണല്ലോ മറ്റെ രണ്ട് കുട്ടികളും ഈ കാര്യത്തിൽ മിടുക്കികളായിരുന്നു. J
ഞാൻ കുഞ്ഞുമോന്റെ കരച്ചിൽ കേട്ട് ക്ലാസിൽ കൂട്ടിലിട്ട വെരുകിനെപ്പോലെ എന്തു ചെയ്യണം എന്നറിയാതെ ഉഴറി
കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഹെഡ് മാഷ് പുറത്തു വന്നു നോക്കി
എന്റെ ഭാവം കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യം പിടി കിട്ടി
" ടീച്ചറെ അതാരയാ കുഞ്ഞി ? ങ്ങളെയാ?
അതെ
"യ്യോ അയ്നെ എട്ത്ത് പാല് കൊട്ക്ക് - എന്നിറ്റ് പഠിപ്പിച്ചാ മതി"
കേട്ടപാതി കേൾക്കാത്ത പാതി
ഓടിപ്പോയി കുഞ്ഞിനെ വാങ്ങി ഓഫീസിന്റെ മൂലക്കിരുന്ന് അമ്മിഞ്ഞ കൊടുത്തു.
നിറഞ്ഞപ്പോൾ ചിരിച്ചോണ്ട് ഞാനൊന്നു മറിഞ്ഞില്ലേ - എന്ന ഭാവത്തിൽ മൂപ്പര് മാമന്റെ ഒന്നിച്ച് പോയി.
ഒരാഴ്ച വല്ലവിധേനയും കടന്നുപോയി
ശനിയാഴ്ചയാണ് AKG എത്തുക.
ഏട്ടൻ വന്നയുടനെ പോകാൻ ആങ്ങള ഒരുങ്ങിയിരുന്നു.
അവന് പിറ്റേന്ന് ജോലിക്ക് കയറേണ്ടതാണ്.
പക്ഷെ ! പ്രതീക്ഷ തെറ്റിച്ചു കൊണ്ട് AK G ഒറ്റയ്ക്കാണ് വന്നത്.
വന്നയുടൻ സന്തോഷ് പോകുകയും ചെയ്തു.
ഞാൻ ഉച്ചക്ക് ചോറുണ്ണാൻ വന്നപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്.
അമ്മ ഒന്നിച്ച് വരാനിരുന്നതായിരുന്നു. പെട്ടെന്ന് അച്ഛനെന്തോ അസൗകര്യം ആയി
അമ്മയ്ക്കു വരാൻ പറ്റിയില്ല.
" ഒരു കാര്യം ചെയ്- നീ ലീവിന് പറയ് അല്ലാണ്ടെന്താ ചെയ്യും? "
ഞാൻ ഉച്ചക്കു ശേഷം ഹെഡ് മാഷോടു സംഗതി പറഞ്ഞു.
ആ സമയം എനിക്ക് അങ്ങനെ ലോംഗ് ലീവെടുക്കാൻ പറ്റില്ല സർവീസിനെ ബാധി ക്കും എന്ന് സർ പറഞ്ഞു.
അപ്പോ എന്തു ചെയ്യും?
"ങ്ങള് നമ്പ്യാര് കുട്ടിനെ ങ്ങ് കൂട്ടിക്കോ ടീച്ചറെ
ഞാനിടെ ഇരിക്കലല്ലെ മ്മള് രണ്ടാളും കൂടെ കളിച്ചോളും"
മാഷ് പറഞ്ഞു.
"രാത്രി ഞാൻ ഒറ്റക്കോ ?"
"എടോ രാത്രി എന്റെ റൂമിൽ കിടക്കാം സാറ് പറഞ്ഞ പോലെ ലീവെടുക്കേണ്ട " ക്വാർട്ടേഴ്സിൽ കൂടെയുള്ള സഹപ്രവർത്തക
എന്റെ മുഖത്തെ നിസഹായത കണ്ടാവണം മറ്റുള്ളവർ പറഞ്ഞു.
"നിങ്ങൾ ധൈര്യാ യ്റ്റിരിക്ക് ടീച്ചറെ എന്തിനും നമ്മളുണ്ട് "
വൈകുന്നേരം ഇതറിഞ്ഞപ്പോൾ AKG ശക്തമായി എതിർത്തു.
അറിയാത്ത നാട്ടിൽ ... അത് വേണ്ട
ക്വാർട്ടേഴ്സിലെ മറ്റ് അയൽക്കാർ പറഞ്ഞു.
നമ്മളല്ലം ഇല്ലേ മാഷേ നിങ്ങ പേടിക്കേണ്ട.
"നിനക്ക് നല്ല ഉറപ്പ്ണ്ടാ?"
"നോക്കാലോ ആവ് ന്നില്ലേൽ ലീവെടുക്കാം " എന്ന് ഞാനും.
പോകാൻ നേരം വീണ്ടും പറഞ്ഞു.
ഇത് എന്റെ സമ്മതത്തോടെയല്ലേ - നിന്റെ ഇഷ്ടാണ്. (ഇങ്ങനെയൊരു മുൻകൂർ ജാമ്യം മൂപ്പർക്ക് എപ്പളും ണ്ട്. )
എന്തായാലും ഒരു കൈ നോക്കാൻ ഞാനുറപ്പിച്ചു.
അങ്ങനെ ഒരു വയസും അഞ്ച് മാസവുമുള്ളപ്പോൾ എന്റെ മോൻ ആദ്യത്തെ വിദ്യാലയത്തിന്റെ പടി ചവിട്ടി.
പിറ്റേന്ന് രാവിലെ ഹെഡ്മാസ്റ്ററുടെ വരവ് കണ്ട് ഞാൻ അദ്ഭുതപ്പെട്ടു.
അദ്ദേഹത്തിന്റെ കൈയിൽ ഒരു വലിയ പന്ത് ഉണ്ടായിരുന്നു.
മനസുകൊണ്ട് ഞാൻ ആ മനുഷ്യന്റെ കാലു തൊട്ട് വന്ദിച്ചു.
നരച്ച കുറ്റിത്താടിയും അലക്ഷ്യമായ വസ്ത്രധാരണവും ഉള്ള ഒരാളായിരുന്നു ഞങ്ങെട ഹെഡ് മാഷ്. ഇയാൾക്ക് കുറച്ച് വൃത്തിയായി വന്നൂടെ എന്ന് ഞാൻ വിചാരിക്കാറുണ്ട്.
പക്ഷെ സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ വേണ്ട രീതിയിൽ ഇടപെടാൻ അദ്ദേഹത്തിനു പ്രത്യേക പാടവം ഉണ്ടായിരുന്നു എന്ന് പിന്നീട് ഞാൻ മനസിലാക്കി.
ഒരാളുടെ പ്രത്യക്ഷത്തിൽ കാണുന്ന രൂപമല്ല അയാളുടെ വ്യക്തിത്വം എന്നും
മോന് അച്ചാച്ചനെ (അങ്ങനെയാണ് മാഷെ വിളിച്ചത് ഞാൻ തിരുത്തിയില്ല) നന്നായി ഇഷ്ടപ്പെട്ടു.
ഓഫീസിനോട് തൊട്ട ക്ലാസാണ് എന്റെത്
ഓഫീസിലും ക്ലാസിലും വരാന്തയിലും അവൻ കളിച്ചു നടന്നു.
എന്റെ ക്ലാസിലെ കുട്ടികൾ മറ്റാരെങ്കിലും വന്ന് കുട്ടിയെ എടുക്കാൻ സമ്മതിക്കില്ല. അവരുടെ ടീച്ചറുടെ താണല്ലോ കുഞ്ഞി. !
പക്ഷെ ഇവര് ഞാൻ കാണാതെ കുഞ്ഞിന് പലതും തിന്നാൻ കൊടുക്കും. ഇവനാണെങ്കിൽ പെട്ടെന്ന് വയറിനസുഖം വരികയും ചെയ്യും കുഞ്ഞു മക്കൾ സ്നേഹത്തൊടെ കൊടുക്കുന്നത് എങ്ങനെ തടയും?
അവസാന. ഞാൻ ഒരടവെടുത്തു.
കുഞ്ഞിക്ക് വയറു വേദന വരണംന്ന് ആഗ്രഹമുള്ളവരാണ് അവന്ന് മിട്ടായി കൊടുക്കുക - നിങ്ങൾക്ക് അങ്ങനെ ഉണ്ടാ-
ഇല്ല - പിന്നെയാരും അതിന് മത്സരിച്ചില്ല.
വല്യ തട്ടും തടവും കൂടാതെ ഒന്നു രണ്ടാഴ്ച കടന്നു കൂടി.
ഡിസംബർ വെക്കേഷൻ, റംസാന്റെ അവധി - ഇത് രണ്ടും ഏകദേശം അടുത്താണ് വന്നത്.
നാട്ടിലാണ്.
സ്കൂൾ തുറക്കാൻ അടുക്കുന്തോറും ആധിയാണ്
അന്നേരമാണ് ഞാൻ ഒരു കാര്യം മനസിലാക്കുന്നത്
എന്റെ ഉദരത്തിൽ രണ്ടാമത്തെയാൾ വളരാൻ തുടങ്ങിയെന്ന് .
വിവരമറിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.
"എല്ലം ദൈവത്തിന്റെ കൈയിലാണ് "
"ഉം അതെ ! " ഞാൻ അച്ഛന്റെ മോനെ നോക്കി
പോകണോ വേണ്ടയോ എന്ന്
കുറെ വാദപ്രതിവാദങ്ങൾ നടന്നു.
ഒടുവിൽ
"നിന്റെ ശമ്പളത്തോണ്ടല്ല ഇവിടെ റേഷൻ വാങ്ങ്ന്ന് - ഒന്നുകിൽ ലീവെടുത്തോ അല്ലെങ്കിൽ ജോലി വേണ്ടാന്ന് വെച്ചോ "
എന്ന് Ak G കട്ടായം പറഞ്ഞു.
തനിയെ ഇരിക്കുമ്പോൾ എന്റെ മനസിലൂടെ ഒരു പാട് കാര്യങ്ങൾ കടന്നുപോയി.
അതിൽ പ്രധാന സീനുകൾ ഇവയാണ്
1 സ്കൂളിൽ 30000 ത്തിന് സീറ്റുണ്ട് സി.എ എന്ന് പറയാൻ വന്ന നാരായണൻ മാഷോട് " എന്റെ മോള് മിടുക്കിയാടോ ഓൾക്ക് പ്രൈവറ്റിലൊന്നു വാങ്ങണ്ടാ എന്ന് തറപ്പിച്ച പറഞ്ഞ അച്ഛന്റെ അഭിമാനം സ്ഫുരിക്കുന്ന മുഖം
" 2 എന്റെ കാസർഗോട്ടെ ഇർവ്യൂവിന്റെ ദിവസം അവിടെ ഹർത്താലായിരുന്നു. ( ടി ടി സി ക്ക് ചേർത്തതുമുതൽ എന്റെ എല്ലാ പഠന കാര്യങ്ങൾക്കും സഹായം ഏച്ചിയും ഭർത്താവും ആയിരുന്നു.) കാലിന് എന്തോ പറ്റിയതിനാൽ ഏട്ടൻ ചെരിപ്പിട്ടിട്ടില്ലായിരുന്നു. അങ്ങനെ കാസർഗോഡ് റെയിൽവേസ്റ്റേഷൻ മുതൽ നെല്ലിക്കുന്നു വരെ വെറും കാലിൽ നടന്നു വന്ന ഏട്ടന്റെ മുഖം.
ഇതൊന്നും മൂപ്പർക്കറിയില്ലല്ലോ
ഏതായാലും ഞാൻ ഒരു തീരുമാനമെടുത്തു.
ഞാൻ പോകും
AKG പറഞ്ഞു.
ഞാൻ സമ്മതിച്ചിട്ടല്ലേ , നിന്റെ ഏട്ടനോട് ചോയ്ച്ചോ -ന്ന്
പിറ്റേന്ന് അച്ഛനോട് പറഞ്ഞു.
അച്ഛാ ഇവൾ സ്കൂളിൽ പോകുന്നു എന്നാണ് പറയുന്നത്
അച്ഛൻ - ആരാ ഒന്നിച്ച്?
ആരുമില്ല, അങ്ങനെ നിന്നിട്ടുണ്ടല്ലോ - എന്ന് ഞാൻ
ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അമ്മ ചീറിക്കൊണ്ട് ഒരു വരവു വന്നു
" ഉയ്യെന്റെ ഗംഗേ, നീയെല്ലോ മന്ഷനാ മരാ?
ഒറ്റക്ക് പറഞ്ഞേക്കാനാ?
" ഓളമ്മ ചത്തുപോയിറ്റില്ല - ഞാൻ പോകും അന്റെ മോളൊപ്പരം "
"നിങ്ങളെന്നാ പറേന്ന് - അച്ഛനോടാണ്
അച്ഛന് പാലു കുടിച്ച തൃപ്തി.
അമ്മയെന്നാൽ സംരക്ഷണം എന്നു കൂടി യർത്ഥം
ഫിബ്രവരി, മാർച്ച് - മാസങ്ങൾ രണ്ട് അമ്മമാര് എന്റെ ആങ്ങള ഇങ്ങനെ മാറി മാറി നിന്ന് കടന്നുപോയി. ഏപ്രിലിൽ ക്ലാസുണ്ട്. അന്നേരം A K G ക്ക് അവധിയായതിനാൽ കുഴപ്പമില്ലാതെ കടന്നുപോയി
അപ്പോഴൊക്കെ ഇടയ്ക്കിടെ മോൻ ഉക്കൂളിൽ വരും അച്ഛാച്ചന്റെ ഒപ്പരം കളിക്കും
രണ്ടു ദിവസം പോയില്ലേൽ മാഷ് പറയും
കുട്ട്യളും
" ടീച്ചറേ കുഞ്ഞിനെ കൂട്ടണേ" ന്ന്
ഒരു വർഷം പൂർത്തിയായി -സ്കൂൾ അടച്ചു.
ജൂണിൽ ട്രാൻസ്ഫർ കിട്ടി.
പുതിയ സ്കൂളിൽ ചേർന്ന് 2 മാസം കഴിഞ്ഞിട്ടും SB കിട്ടാത്തപ്പോൾ അത് വാങ്ങാൻ വേണ്ടി ഞാനും സന്തോഷും മോനും കൂടി പഴയ സ്കൂളിലെത്തി.
സ്കൂളിലെ ആദ്യത്തെ മുറി ഞങ്ങളുടെ ക്ലാസാണ് അതിനപ്പുറം ഓഫീസ്
കുഞ്ഞു - "
മാമാ മ്മടെ ഉക്കുള്" "
"അമ്മേ മ്മടെ കാശില് വേറെ മാശ് പടിപ്പിക്ക് ന്നാമ്മേ!"
ആ ക്ലാസിലായിരുന്ന രാജൻ മാഷ് ഓടി വന്ന് മോനെ എടുത്തു.
എട മിടുക്കാ - നിന്റെ ക്ലാസ് മറന്നിട്ടില്ല അല്ലേ!
അവൻ ഇപ്പോൾ ഇത് ഓർക്കുന്നില്ല
പക്ഷേ ഞാൻ ഒരിക്കലും മറക്കില്ല.
എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്ന ഒരു ജൂനിയർ അധ്യാപികയെ ചേർത്തുപിടിച്ച ആ മഹാന്റെ മനസിന്റെ വലിപ്പം!
അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാകാം അവൻ ഇന്നു വരെ പഠിച്ച ക്ലാസിലെല്ലാം മിടുക്കനായാണ് വളർന്നു വന്നത്
ഭാവി നമ്മൾക്കറിയില്ലല്ലോ
ഇതി ഒന്നാം വർഷം സമാപ്തയാമി
വേറെ വിശേഷങ്ങളുമായി പിന്നെക്കാണാം
NB: വായിക്കുന്നവരെല്ലാം ഒരു ലൈക്കെങ്കിലും ഇടണേ😀
ഞാനും മോനും സ്കൂൾ ഓഫീസിൽ
Comments
Post a Comment