മനോഹരീ.....
രാവിൻ മുറ്റം മെഴുകീയമ്പിളി
നിലാവു കൊളുത്തുമ്പോൾ
കുഞ്ഞു ചെരാതുകൾ തെളിയിക്കുന്നു
താരക ബാലികമാർ
മഞ്ഞിൽ മുങ്ങിക്കുളിച്ചു തോർത്തിയ
മേഘപ്പെൺകൊടികൾ
നീലക്കരയുടെ ദാവണി ചുറ്റി
ചോടുകൾ വെക്കുന്നു
താലമെടുത്തു നിരന്നു
താഴെ, തെങ്ങോലക്കൈകൾ
കാറ്റിൻ ശ്രുതിയിൽ മോഹനരാഗം
രാപ്പാടികൾ പാടി
നനുത്തൊരോമൽ കുളിരായങ്ങനെ
രാവിൻ സംഗീതം
വിണ്ണു കവിഞ്ഞു തുളുമ്പി മെല്ലെ
മണ്ണിൽ കുതിരുമ്പോൾ
മനോഹരാംഗി നീയെൻ
മനസിലുമീണം പകരുന്നു
നിദ്രയകന്നോരെൻ മിഴിയിൽ
നീയഴകായ് നിറയുന്നു
.
ഉള്ളിൽ കരിയും കായാമ്പൂവിൽ
സുഗന്ധ മൂറുന്നു
പുള്ളുകൾ പാടും താരാട്ടിൽ
ഞാനെന്നെ മറക്കുന്നു.
സരസ്വതി കെ.എം
Comments
Post a Comment