Skip to main content

Kavitha



ഇമചിമ്മാതെ
-- -- - - - - - - - - - -

ഓലക്കീറിലാകാശമാണീ -
ത്തഴപ്പായയിൽ നിശ്വാസവും
ഉണ്ണാനില്ലുണ്ണിക്കുരുള
നല്കാനുമില്ല,
ജീവിതച്ചട്ടിയിൽ കണ്ണീ-
രുപ്പു പറ്റിച്ചു
നീ യൂട്ടിത്താരാട്ടിത്തളിർത്ത
പാഴ് ജന്മങ്ങൾ !

കല്ലുമാലക്കിലുക്കം -ചരിത്രത്തിൻ
വില്ലുവണ്ടിച്ചക്ര മിന്നുമുരുളുന്നു.. 
നാണം മറക്കാൻ നീ പറിച്ചെറിഞ്ഞൊരാ
മാംസ പിണ്ഡമിന്നും തുടിക്കുന്നൊ-
രായിരം നോവായ്, നടുക്കമായ്

ശോഷിച്ച കൈകളിൽ
സംഘബോധക്കൊടി ,
ദൈന്യമാം കണ്ണിൽ പ്രതീക്ഷ തൻ
നാമ്പൊളി ,
ദാഹിച്ച നാവിലേക്കാദ്യാക്ഷരക്കുറി
ചിന്തയിൽ ചെന്തീയൊഴിച്ചു
മുളപ്പിച്ച വിത്തുകൾ !
കാലമേ - നിന്നിൽ കുരുത്തു
തളിർത്തവയ്ക്കെത്ര
യാകാശമിനിയുമുണ്ടാം.....

അരിവാളിൽ തഴമ്പിച്ച കൈയി
ലെഴുത്താണി.
ഇരുളിൻ മറയ്ക്കുള്ളിലെരിയുന്ന
നിഴലുകൾ
ഊതിയൂതി പരക്കും കനലുകൾ
ജ്വാലയായ് പടരുന്നു
മിഴികളിൽ നിറയുന്നു
സ്വത്വധാര

ന: സ്ത്രീ സ്വാതന്ത്യമല്ല - നമ്മൾ
ക്കർഹത ജീവനമെന്ന ഗാഥ
വിരചിച്ചു പാരിൽ സമത്വമാകാൻ
ഉയരുന്നു പെണ്ണിന്നെഴുത്താണികൾ

ഇനിയുമീ "സൗമ്യാംബരം"
കണ്ണീരുണങ്ങി കറുക്കാതിരിക്കുവാൻ
വീണ്ടും " വെമൂല " മാർ വിദ്യ തേടി
പ്രാണാർത്ഥിയായി പിറക്കാതിരിക്കാൻ
കൺതുറന്നിരിക്ക നീ
ഇനിയൊരിക്കൽ കൂടി
കാലചക്രം
പിന്നോട്ടുരുളാതിരിക്കാൻ!!

" തീ തന്നെ പിറവിയും
നീ തന്നെ ഉണ്മയും
നിന്നിലുറവാകട്ടെ
നീതിയും നിയമവും "

സരസ്വതി കെ.എം.

Comments