Skip to main content

chila onavicharangal/ ചില ഓണവിചാര‍ങ്ങൾ

ചില ഓണ വിചാരങ്ങൾ - - - - - - - - - - - - -
          ഇന്ന് വിവിധ ക്ലബുകളും സംഘടനകളും നടത്തുന്ന ഓണാഘോഷങ്ങൾ കാണുമ്പോൾ എനിക്ക് കിട്ടേണ്ടിയിരുന്ന പ്ലേറ്റുകളെയും ഗ്ലാസുകളേയും കുറിച്ച് ഓർത്ത് എനിക്ക് സങ്കടം വരും. കാരണം എടയന്നൂരിൽ അന്ന് അങ്ങനെയൊരു സംഭവേ ഇല്ലാരുന്നു. ഇത്തരം ഓണാഘോഷങ്ങൾ ഘോഷയാത്രയിലൊക്കെ പങ്കെടുത്തത് ചുഴലിയിൽ വെച്ചായിരുന്നു. ഗംഭീരം👍 
 ചെറുപ്പത്തിൽ (ടി.ടി സിക്ക് പോകുന്നതു വരെ) ഞങ്ങൾ കൂട്ടുകാർ തമ്മിൽ മത്സരം പൂക്കളമൊരുക്കുന്നതിനായിരുന്നു ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി മുഴുവൻ കണ്ടമാണ്. അതിന്റെ വരമ്പിൽ നിറയെ കിണ്ടിപ്പൂക്കൾ ഉണ്ടാകും. ശ്രീജയും മാലുവുമൊക്കെ പുലർച്ചെ അത് പറിക്കാൻ പോകും
 ഞങ്ങളെ അച്ഛൻ വിടൂല. അച്ഛനറിയാതെ പതുങ്ങിയാണ് ഞങ്ങളുടെ പോക്ക്. വീട്ടുപറമ്പിൽ ഇഷ്ടം പോലെ മുള്ളിൽ പൂ അരിപ്പൂ , കോളാമ്പി നമ്പ്യാർവട്ടം, മന്ദാരം തുടങ്ങി സമൃദ്ധമായി പൂക്കൾ ഉണ്ടാകും. ഇതെല്ലം തിരുവോണത്തിനിടാൻ പൊന്നിച്ച് (സൂക്ഷിച്ച്) വെക്കും ഞങ്ങളെ ത്ര പറച്ചാലും ശ്രീജക്ക് കിട്ടുന്നത്ര പൂ കിട്ടുല . അവർക്ക് ഇഷ്ടം പോലെ ചെമ്പരത്തിയുണ്ട്. എന്നാൽ അവിടത്തെ അച്ചമ്മ അവര് കാണാതെ ഞങ്ങൾക്ക് പൂ തരും.         ഞങ്ങളുടെ പശുവിനെ മേയ്ക്കാൻ കൊണ്ടുപോകുന്നത് വെള്ളപ്പറമ്പ് എന്നവിശാലമായ കാട്ടുപറമ്പിലാണ്. അവിടെ നിന്ന് ഏട്ടൻ ഇഷ്ടം പോലെ എള്ളിൻ പൂവ് കൊണ്ടരും ഓനോട് ഏറ്റം സ്നേഹം കൂടുന്ന സമയാണിത്. ദേശ്യം വന്നാ പറിക്കുല .അപ്പോ ഞങ്ങൾ കുറച്ച് എള്ളിൻ പൂ ശ്രീജക്ക് കൊടുക്കും എന്നിറ്റ് ചെമ്പരത്തി വാങ്ങും. പൂ ഇട്ട് കഴിഞ്ഞിറ്റ് വട്ടം എണ്ണും കൂടുതൽ വട്ടമുള്ള ആൾക്കാണ് പൗവറ് കൂടുതൽ. പിറ്റേന്ന് അവരെ തോപ്പിക്കാൻ തലേന്നേ പൂ പറിക്കാൻ തുടങ്ങും.
           എനിക്ക് ഉത്രാടത്തിന്റെ തലേ ദിവസമാണ് തീരെ ഇഷ്ട്ട്രല്ലാത്ത ദിവസം അയ്ന് രണ്ട് കാരണമാണ്. ഒന്ന് വീട്ടിലെ അടച്ചൂറ്റി മുതൽ പഠിക്കാനുള്ള വെല്യ ഡസ്ക് വരെ തേച്ച് വടിക്കണം. ആ പണി എനക്കും ഏട്ടനുമാണ് അനിയനും കൂടും. പക്കെ രണ്ടും മടിയമ്മാറാണ്. ഏട്ടൻ വെള്ളം വലിച്ച് തന്നിറ്റ് അന്റെ പണിയായിന്ന് പറഞ്ഞിറ്റ് പോകും. മറ്റവൻ എല്ലാ സാധനം പൊറുക്കിക്കൊണ്ടിട്ട് നീ തേച്ചോ ഞാനിപ്പം വരാംന്നും പറഞ്ഞിറ്റ് ഒരു പോക്കാണ് അമ്മേന്റെ കലമ്പാരിക്കാ?
      അനക്കെന്നെ
       എത്ര മടിയായാലും തേക്കാണ്ട് നിവൃത്തിയില്ല. ഒന്നും രണ്ടുമല്ല സാധനങ്ങൾ ഇരിക്കുന്ന പലയന്നെ അഞ്ചോ എട്ടോ ഉണ്ട്. കസേലകൾ അച്ഛന്റെ ചാരു കസേല തൊടങ്ങി കൊറെയെണ്ണം മറ്റവര്ക്ക് ഒന്നും ഈ പണിയില്ല. അന്ന് അച്ഛനെ കൊല്ലാനുള്ള ദേശ്യം വരും ഉള്ള മരല്ലെം മുറിച്ച് കസേലയും മേശയും ഇണ്ടാക്കല് അച്ഛന് രസാ.                    രണ്ടാമത്തെത് ഹൃദയ ഭേദകമായ ഒരു കാര്യാണ് ഒന്നിച്ച് കളിക്കുന്നവർക്കെല്ലാംഓണത്തിന് പുതിയ കുപ്പായം വാങ്ങും. നമ്മക്ക് മാത്രം ഉണ്ടാവുല ഞങ്ങൾക്ക് സ്കൂൾ തുറക്കുമ്പോഴാണ് പുതിയത് വാങ്ങുന്നത്. രണ്ടെണ്ണം വാങ്ങും. അയ്ലൊന്ന് അമ്മ എട്ത്ത് വെച്ചിറ്റ് ണ്ടാകും അതാന്ന് ഞങ്ങൾക്ക് ഇടാൻ തരും അലക്കിതേച്ച് വൃത്തിയുള്ള കുപ്പായം ഇട്ടാ മതി - പുതിയ കുപ്പായൊന്നുമല്ല നല്ല പൂക്കളം നല്ലസദ്യയുമാ ഓണത്തിന് വേണ്ടെന്ന് അച്ഛന്റെ ന്യായം ഏട്ന്നെങ്കും കിട്ടിയെങ്കിൽ ഈ അച്ഛനെ മാറ്റാരുന്നു എന്ന് എത്രയോ വട്ടം തോന്നിയിരിക്കുന്നു. എന്നാലും നല്ല സദ്യയൊക്കെ ഉണ്ട് ഊഞ്ഞാലെല്ലം ആടുമ്പം ഈ ദേശ്യല്ലെം മാറും
      . ഇന്നലെ എന്റെ പറമ്പിന്റെ അതിരിൽ നിന്ന് എനിക്ക് കുറച്ച് വട്ടപ്പിരിയവും തുമ്പയും കിട്ടി.
 (വീട്ടിലെ ഒരേയൊരു പെൺകുട്ടി ഞാനായതിനാൽ പൂപറിക്കൽ പൂക്കളം ഇടൽ ഇതെല്ലം ഇന്നും ഞാൻ തന്നെ😂) ഞാനതിടുമ്പോൾ ചെറിയവനെ വിളിച്ചു. "എടാ ഇതേതാ പൂവ് എന്നു പറഞ്ഞാട്ടെ"? 
" അമ്മയെന്തെങ്കും കാട്ടു പൂ പറച്ചിറ്റ് - എനക്കറില്ല - മറുപടി.
 " ഓണപ്പൂവിൽ രണ്ടാം സ്ഥാനമാണിതിന് " വടപ്പിരിയമാണിത്
. എന്തു പേരാണമ്മേ? - പുച്ഛം 
ഞാൻ അപ്പുറത്തെ വീട്ടിലെ കുട്ടികളെ വിളിച്ചു. അവര്ക്ക് പൂവും അറിയില്ല പേരും അറിയില്ല. 
എന്റെ ഓണേ ....... 
ഇന്ന് താഴെ വീട്ടിലെ പറമ്പിൽ പൂ പറിക്കാൻ പോയ രണ്ട് പെൺകുട്ടികൾ ഒന്ന് ഞാനും ഒന്ന് അപ്പുറത്തെ 70 വയസുള്ള എളയമ്മയുമാണ്. (അവിടെ മൂന്ന് കുട്ടികൾ ഉണ്ട് ) 
"കുട്ടികൾ ഏട്ത്തൂ എളേമ്മേ? "
 ആര്ക്കാ പൂവെല്ലം വേണ്ട് സരസ്വതീ..... നമ്മളെ കാലത്തോളം ഇടാം " 
നാടൻ പൂവും പൂ പറിക്കലും പൂക്കളമിടലും ഒക്കെ ഇനിയെത്ര നാൾ ? ഓണമുണ്ടാകും - 
ചിക്കൻ ബിരിയാണീം പന്നിയിറച്ചീം ഒക്കെയുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ (അതിനും ഓണം വേണമെന്നില്ല) ആയിരങ്ങൾ പൊടിച്ച് ( ഉണ്ടെങ്കിലും ഇല്ലെങ്കിലും ) ഓണക്കോടിയും ആഘോഷവും സംഘടിപ്പിക്കാൻ 🙏
 ഈ കൊറോണക്കാലം എന്തായാലും മദിച്ചു പായുന്ന മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാനും നന്മ നിറഞ്ഞ ഓണച്ചിന്തകൾക്ക് തുടക്കമിടാനും സാധിക്കട്ടെ
 ❤️എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ❤️)
 സരസ്വതി. കെ.എം

Comments

Post a Comment