കാളാത്ത കട്ടറും
മലച്ചു പോയ അശ്വതിയും
🌹🌹🌹🌹🌹🌹🌹🌹🌹
പുതിയ വിദ്യാലയത്തിലെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളു.
ആദ്യം തന്നെ വർത്താനത്തിന്റെ ഈണമാണ് ശ്രദ്ധയിൽ പെട്ടത്.
നല്ല രസമാണ് കേൾക്കാൻ
ഞാൻ ഒന്നാം ക്ലാസുകാരോട് വെറുതെ വർത്താനം പറഞ്ഞോണ്ടിരിക്കും
ഫിഷറീസ് സ്കൂളാണ്.
99% കുട്ടികളും ഒരേ വിഭാഗത്തിൽപെട്ടവരാണ്.
അതുകൊണ്ടു തന്നെ കാലങ്ങളായി അവര് പറഞ്ഞു വരുന്ന വാക്കുകളും ശീലുകളും അതേപടി തുടരുന്ന പതിവാണ്.
ഇവിടെ ചേർന്നതു മുതൽ മക്കളെ നാട്ടിലാക്കി.ഞാൻ കുറച്ചു ടീച്ചേഴ്സിന്റെ കൂടെയാണ് താമസം
അതുകൊണ്ടു തന്നെ രാവിലെ വിദ്യാലയത്തിലെത്തും.
കുട്ടികൾ സ്കൂളിനടുത്തു തന്നെയായതിനാൽ അവരും രാവിലെയെത്തും
അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ സ്കൂളിലെത്തുമ്പോൾ കാണുന്ന കാഴ്ച ഓഫീസിനുമുമ്പിൽ നിന്ന് ഒരു രണ്ടാം ക്ലാസുകാരൻ വലിയ വായിൽ നിലവിളിക്കുന്നു.
ബസിറങ്ങി വരുമ്പോൾ തന്നെ അലമുറ കേൾക്കാം
ഇത്ര രാവിലേ ഇതെന്തു പറ്റി എന്നോർത്ത് ഞാൻ ഓടിയെത്തി..
"എന്താ മോനേ?"
"ന്റെ കട്ടറ് കാളാ...., "
വായ തുറന്ന വെച്ച പടുതിയിൽ ഒരേ നിലവിളി
എന്ത്? - ഞാൻ
" ന്റെ കട്ടറ് കാളാ.--.."
രണ്ടാമത്തേതിൽ " കട്ടർ " എന്ന് കിട്ടി
"എന്താടാ കട്ടർ ഇല്ലേ ?"
"ഉം ഉം ന്റെ കട്ടറ് കാളാ....."
ഉയ്യെന്റെ ദൈവേ !🥺
കഴിഞ്ഞ മൂന്നാലു കൊല്ലത്തെ സഹവാസത്തിനിടയിൽ പല തിരിയാത്ത മലയാളവും ഞാൻ പിടിച്ചെടുത്തിട്ടുണ്ട്.
ചിലത് സന്ദർഭം വെച്ച് ഊഹിക്കും.
തീരെ പറ്റാത്തത് ആരെങ്കിലും സഹായിക്കാൻ ണ്ടാവും
ഇവൻ നിർത്താൻ ഭാവമില്ല.
ഞാൻ ചുറ്റിലും നോക്കി.
കുട്ടികൾ ആരും വന്നില്ല.
ഇവനാണെങ്കിൽ ആകെ പൊടിക്കുപ്പിയോളേ ഉള്ളൂ.
പേടിപ്പിച്ചാൽ അധികം കരഞ്ഞാലോ ?
രക്ഷിതാക്കൾ ആരെങ്കിലും കണ്ടാൽ അതു മതി പുകിലിന്.
എന്തു ചെയ്യേണ്ടു എന്നറിയാതെ ഞാൻ ഉഴറി.
അപ്പോൾ അതാ സ്കൂൾ ലീഡർ കൂടിയായ രാഹുൽ വരുന്നു.
മരുഭൂമിയിൽ ദാഹിച്ചവന് വെള്ളം കിട്ടിയ ആശ്വാസം
രാഹുൽ സ്കൂളിലെ മിടുക്കനാണ്.
റെയിലിനപ്പുറമാണ് താമസം
നല്ല രീതിയിൽസംസാരിക്കുന്നവൻ.
അവനെ കണ്ടതേ ഞാൻ സംഭവ സ്ഥലത്തേക്കു വിളിച്ചു.
"ഒന്നു ചോദിച്ചാ മോനേ, ഇവനെന്തിനാ കരയുന്നെന്ന്?"
ചോദിച്ചതും വീണ്ടും
" കട്ടറ് കാളാ......
" ടീച്ചറെ ഓന്റെ കട്ടർ കാണുന്നില്ലാന്ന് "
ഹെന്റെ ദേവീ! - ഇതായിരുന്നോ❤️
ഞാൻ ഓഫീസിൽ പരതി ഒരു കട്ടർ കൊണ്ടുവന്ന് അവന് കൊടുത്തു.
സ്വിച്ചിട്ട പോലെ കരച്ചിൽ നിന്നു.
ഏകദേശം അര മണിക്കൂർ നീണ്ടു നിന്ന സംഘർഷാവസ്ഥക്ക് അയവു വന്നു.
പിന്നീട് കുട്ടികളുടെ സംസംരത്തിനിടക്ക് , . "കാള", കേറി വരുമ്പോഴൊക്കെ ഞാനതിന്
കയറിടും.
❤️ ഇപ്പോഴെങ്ങനയാണ് ആവോ❤️
.....................................................
നാലാം ക്ലാസിലെ ഹാജർ വിളിക്കുകയായിരു ഞാൻ.
. "അശ്വതി.കെ?"
iഓള് വന്നിറ്റില്ല. "
: എന്തുപറ്റി?"
" അശ്വതി മലച്ച് പോയി ടീച്ചറെ " .
അയ്യോ! ഇന്നലെ വരെ ക്ലാസിലുണ്ടായിരുന്നു.
മിടുക്കിയാണ്
ചരുപിരുന്നനെ എന്തെങ്കിലും പറയുകയും ചെയ്യുകയും ചെയ്യുന്ന കുട്ടി.
"എന്തുപറ്റിയെടാ ?" - ഞാൻ
" മലച്ച് പോയീന്ന് "
എന്തെങ്കിലും അസുഖമാണോ ?
എവിടെയെങ്കിലും പോയതാണോ?
മലച്ച് - എന്നല്ലാതെ വേറെ ഉത്തരമില്ല.
ഞാൻ നേരെ കഞ്ഞിപ്പുരയിലേക്ക് പോയി.
ശോഭേട്ടി (ഏട്ടി - ഏച്ചി)ക്ക് എല്ലാ കുട്ടികളെയും അറിയാം.
"ശോഭേട്ടി നാലിലെ അശ്വതിക്കെന്തുപറ്റി?
ഓള് വന്ന് റ്റില്ല. " - ഞാൻ
ഓ - ഓള് മലച്ച് പോയി ടീച്ചറെ "
ദേ - പിന്നേം - മലച്ച്.
എങ്ങനെ? - എവിടെ ? - ഞാൻ.
"കുഞ്ഞി മാലയിട്ടിറ്റല്ലേ അവര് ശബരിമലച്ച് പോയി "
അതാണ് സംഭവം.
ഇപ്പോൾ " മലച്ച് പോയത് " ഞാനാണ്.
അവർ - "ക്ക' "
ക്ക് പകരം "ച്ച" യാണ് പറയുന്നത്.
ക്ലാസിൽ തിരിച്ചു വന്നു
ക്ക -യുള്ള കുറച്ച് വാക്കുകൾ പറയിച്ചു.
പാറക്ക് - പാറച്ച്
മലക്ക് - മലച്ച്
.....എല്ലാം - ച്ച
രസകരമായ സംഭവം ന്താച്ചാൽ
ഒരു ദിവസം കടങ്കഥപ്പയറ്റ് നടക്കുകയായിരുന്നു.
നമ്മുടെ അശ്വതി,
മലച്ച് പോയവൾ
ചാടിയെണീറ്റ് വെടിച്ചില്ല് പോലൊരു ചോദ്യം
" മൂലച്ചിരിച്ചണ മുത്തശ്ശി "😂
.
തമ്പുരാനേ ചിരിച്ചത് മുഴുവൻ ഞാനാണ്
.......
അവിടെ നാലുവർഷം ഉണ്ടായിരുന്നു.
നല്ലൊരു ടീം വർക്ക് നടത്താൻ സാധിച്ച ഇടം
ഞങ്ങളുടെ ഇടപെടൽ ഈ സംസാരരീതിയിലും ഒരു പാട് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
ഇനിയുണ്ട് കുറെ .
നിങ്ങൾ വായിക്കുന്നുണ്ട് എന്ന് എനി ക്കറിയാം ....
വായിച്ചു തീർന്നാൽ
അഭിപ്രായം പറയണേ❤️
Comments
Post a Comment