പൊതു ഇടങ്ങൾ അന്യമാകുന്ന പെൺ ബാല്യങ്ങൾ
കഴിഞ്ഞ ദിവസം വൈകുന്നേരം അനിയന്റെ മോൾ അഞ്ചാം ക്ലാസുകാരി പൊന്നു എന്നോടു ചോദിച്ചു
. "വെല്ലിമ്മക്ക് ബോറടിക്കുന്നില്ലേ, എനിക്ക് ബോറടിച്ചിട്ടു വയ്യാ " എന്ന്
അതെന്താപ്പാ ഇത്ര ബോറടിന്ന് ഞാൻ
" അല്ല സ്കൂളിപ്പോണ്ടല്ലോ എഴുതാനുള്ളത് വേഗം തീരും"
പിന്നെ ആരും കളിക്കാനുമില്ല (ഏട്ടൻ അനിയൻപെങ്ങൾ എല്ലാവരുടെയും കൂടി 5 ആണും ഇവൾ ഒരു പെണ്ണും )
പാവം കുട്ടി
ഈ ബോറടിക്ക് കൊറോണയും അടച്ചിട്ട സ്കൂളും ഒരു കാരണമാണ്
പക്ഷെ ഇന്നത്തെ പെൺകുട്ടികൾക്ക് എന്തു കളിയാണറിയുന്നത് ?,
: " മോൾക്ക് കൊത്തം കല്ല് അറിയ്വോ? - ഉം ഉം
"നൊണ്ടി?" (ഒറ്റക്കാലിൽ ചാടി എതിരാളിയെ തൊടുന്ന കളി )
അവൾ കേട്ടിറ്റ് പോലുമില്ല.
കക്ക്?, കബഡി? മംഗല സോഡി ? ചട്ടി?
: ഇതെല്ലം കളിയാ വെല്ലിമ്മേ?
അവൾക്ക് ആകെ അറിയാവുന്ന കളി ഓടിത്തൊടലും ചോറും കറിയും വെച്ച് കളിക്കലും ആണ്
വേനൽക്കാലത്ത് ബാറ്റ് കളിക്കാറുണ്ട് (ഓ - അതെങ്കിലും അറിയ്‌ല്ലോ.
വെല്ലിമ്മക്ക് ഈ കളിയൊക്കെ അറിയ്യോ ?
ഞാൻ എന്റെ അഞ്ചാം ക്ലാസിലേക്കൊന്ന് എത്തിനോക്കി
"ഒരു സ്ഥലത്തും കളിക്കാൻ പോണ്ട"
എന്ന ഉഗ്രശാസനയും നൽകിയാണ് അച്ഛൻ പിടിയേല് പോവുക
ഏട്ടൻ ,ഞാൻ , അനിയൻ ( അച്ഛൻ പോകാൻ വേണ്ടി ക്ലോക്ക് നോക്കിക്കൊണ്ട് നിക്കും
അമ്മ പറഞ്ഞ പണിയെല്ലം എടുക്കും )
ഞങ്ങളെ തേടി ചുറ്റുമുള്ളവരെല്ലാം ഒരു റൗണ്ട് കളിയും കഴിഞ്ഞേ വരൂ. അച്ഛൻ പോകുമ്പോ ഒരു ഒമ്പതരയെങ്കിലും കഴിയും
രണ്ടാണുങ്ങൾക്കിടയിൽ ഉള്ള പെണ്ണായതിനാൽ എന്നെ അവർക്ക് ഒപ്പം കൂട്ടിയേ മതിയാകൂ.
സജീവൻ പ്രദീപൻ രാജേഷ് ചന്ദ്രൻ മനു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുരുഷ പ്രജക്കിടയിൽ ഞാൻ മാലു ശ്രീജ മൂന്നു പെണ്ണ്. ഇതിൽ മാലുവിനും ശ്രീജക്കും പലപ്പോഴും വീട്ടിലെ പണിയുണ്ടാകും
ഞങ്ങൾ കളിക്കാത്ത കളികളില്ല
കോട്ടി (ഗോലി) രണ്ടു തരം കളിയിലും മിടുക്കൻ ഏട്ടനും സജീവനുമാണ്. തോക്കുമ്പോസജീവൻ കോട്ടി കൊണ്ട് നീട്ടി അടിക്കും കൈവിരൽ മടക്കിന് കോട്ടി വന്ന് കൊള്ളുമ്പം ക്ണിം എന്നൊരു ഒച്ചയുണ്ട് ജീവൻ പോകും. ഞാനും വിട്ടു കൊടുക്കുല
ചട്ടിയൊക്കെ കളിക്കുമ്പോ കൊറെ വല്യ ഏട്ടന്മാറു ണ്ടാവും എന്നാലും എന്നെ കൂട്ടും
ഞങ്ങളെ തോട്ടത്തിന്റെ താഴെയാണ് കളി.
അച്ഛൻ ഉച്ചക്ക് ഉണ്ണാൻ വരുന്ന ഏകദേശ സമയമാക്മ്പം എല്ലാരും ഓർമിക്കും
ദൂരേന്നേ ചൊമ കേക്കും
പിന്നെ ഒറ്റയാളെ മഷിയിട്ട് നോക്ക്യാ കാണു ല...
വെള്ളം ന്ന് പറഞ്ഞാലേ അച്ഛന് പേട്യാന്ന്
"എടോ പിള്ളറെ തോട്ടിലൊന്നും വിടണ്ടെ "ന്നും പറഞ്ഞ് നാല് മണിക്ക് അച്ഛൻ എറങ്ങ്വെ വേണ്ടു
ഞങ്ങൾ തോർത്തും പിടിച്ച് റെഡി
അമ്മ - ആരാ വേറെ?
വിശ്വാസമുള്ള ഒന്നോ രണ്ടോ ആളെ പേര് പറയും.
തോട്ടിലെത്തിയാൽ പ്രധാന കളി കല്ലൊളിപ്പിക്കലാണ്
അയിലും എന്റെ പ്രധാന എതിരാളി സജീവനാണ്.
മറ്റൊന്ന് മലക്കം മറിഞ്ഞ് തുള്ളലാണ്.
വേനിക്കാലായാൽ അണ്ടി പൊറുക്കാൻ പോണും
ആടെയും ഉണ്ട് കളി
കൈരണ്ടും അകത്തി മരത്തിൽ പിടിച്ച് അതിനിടയിലൂടെ മലക്കംമറഞ്ഞ് പുറത്തോട്ട് വരണം ഏട്ടന് അതാവൂല അയില് ഞാനെന്നെ ജയിക്കും
സ്കൂളിലാണെങ്കിൽ പ്രധാന കളി കബഡിയാണ്.
പിന്നെ നൊണ്ടി, റിംഗ് , പത്തിലൊക്കെ ആയപ്പോ ബാറ്റ് കളിക്കാൻ തരുമായിരുന്നു.
സ്കൂളിലെ പേരു കേട്ട കബഡി കളിക്കാറെ കൂട്ടത്തിൽ ഞാനും ഉണ്ടേനും ട്ടാ
ഉച്ചക്ക് വീട്ടിൽ പോയാണ് ചോറുണ്ണുന്നത്.
മിക്കവാറും ആൾക്കാർ ഉപ്പ്മാവ് തിന്നും
അപൂർവം ചെലര് ചോറ് കൊണ്ടരും
നടന്നു പോകലാണെങ്കിൽ വീട്ടിലേക്ക് 20 മിനുട്ട് ദൂരമുണ്ട്
ഞങ്ങൾ കണ്ടത്തിലൂടെ ഓടി തോട്ടിലെ വെള്ളം കുറഞ്ഞ ഭാഗത്തെ കയറി ഒറ്റ ഓട്ടത്തിന് വീട്ടിലെത്തും
ചെലപ്പോ കൂട്ടാനൊന്നും ആയിറ്റ് ണ്ടാവൂല
അത്ഒന്നും എനിക്ക് പ്രശ്നമല്ല കാരണം ഞാനെത്തിയാലേ അവിടെ കളി നടക്കൂ.
തിരിച്ച് ഒന്നേകാലാവ് മ്പം ഞാൻ സ്കൂളിലെത്തും
വിജയൻ മാഷ് ചോയ്ക്കും (മാഷെ പേടിയാണ്)
" ചോറുണ്ണാൻ പോയിറ്റില്ലെ?"
പോയി വന്നു
"ഇത്ര വേഗാ , വീട് ഇങ്ങോട്ടു വന്നാ " ന്ന്
ഇന്റർവെൽ സമയത്ത് ടീം തിരിച്ച് റ്റ്ണ്ടാവും
വന്നിറ്റ് സമയം കളയണ്ടല്ലോ
ക്ലാസിലെ എല്ലാ പെൺകുട്ടികളും കളിയിലുണ്ടാവും
(ഒന്നോ രണ്ടോ കുല സ്ത്രികൾ അന്നുമുണ്ട് കെട്ടാ)
സ്പോർട്ട്സ് പിരീഡ് പൊരിഞ്ഞ കളിയാണ്
ഗംഗാധരൻ മാഷുടെ മാസ്സ് ഡ്രില്ലും പരേഡും ഒക്കെ എന്തു സ്പിരിറ്റിലാ ചെയ്തേന്ന് ഓർക്കുമ്പം ഇന്നും പുളികയാവുന്നു❤️
(വല്യ തമാശയെന്താന്ന് വെച്ചാല് ഞാൻ ആദ്യായി റ്റ് ഹൈജമ്പ് ചാടിയത് ടി ടി സി ക്ക് സ്പോർട്സ് മത്സരത്തിനാണ്. ഞങ്ങളുടെ ഗ്രൂപ്പ് ജയിക്കാൻ വേറെ വഴിയ്ണ്ടാരുന്നില്ല.
രണ്ടാം സ്ഥാനം കിട്ടീട്ടാ )
പ്രിയപ്പെട്ടവരേ , പറഞ്ഞു വരുന്നത് വേർതിരിവില്ലാതെ ചേർന്ന് കളിച്ച ബാല്യ കൗമാരങ്ങളെക്കുറിച്ചാണ്
അന്ന് അച്ഛൻ എത്ര പിടിച്ചു വെച്ചിട്ടും ഞങ്ങളെ തേടി കളി ഇങ്ങോട്ടു വരുമായിരുന്നു.
തേങ്ങ പൊറുക്കിയിടൽ പുല്ല് ഉണക്കൽ, അട്ടിയിടൽ, കൊപ്പര (കൊപ്ര ) വാരി വെക്കൽ തുടങ്ങിയ പണികളിലെല്ലാം ഈ വാനരസേന സഹായിക്കും എന്നുള്ളതു കൊണ്ട് അമ്മ കണ്ണടക്കും
പണിയെടുത്താലും ഇല്ലെലും എന്തെങ്ക്‌ലും തിന്നാൻ കിട്ടുന്ന് ള്ളത് കൊണ്ട് കളിക്കാർക്കും ഞങ്ങളുടെ വീടായിരുന്നു പഥ്യം.
1990 വരെയെങ്കിലും ജനിച്ച പെൺകുട്ടികൾക്ക് ഏറിയും കുറഞ്ഞും ഇത്തരം അവസരങ്ങൾ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയിട്ടും ഉണ്ടാകാം.
ഇന്നോ?!
ഞാൻ കൗമാരക്കുട്ടികൾക്ക് വേണ്ടി ഞങ്ങളുടെ നാട്ടിൽ (നാട്ടിൻപുറം) ഒരു ക്ലാസ് എടുക്കുകയുണ്ടായി. ആണും പെണ്ണുമായി 60 ഓളം കുട്ടികൾ ഉണ്ടായിരുന്നു.
ഓരോ വിഷയവും പറഞ്ഞ് കളിയിലെത്തി.
ഞാൻ കബഡി, ബാറ്റ് , റിംഗ്, ക്രിക്കറ്റ്, കാരംസ്, ചെസ് ഇങ്ങനെ വീട്ടിലും സ്കൂളിലും കളിക്കാവുന്ന വ്യത്യസ്ത കളികളുടെ പേരു പറഞ്ഞ് കളിക്കാനറിയാവുന്ന വർ കൈ പൊക്കാൻ പറഞ്ഞു.
പഴയതും പുതിയതുമായ 15 ഓളം കളികളിൽ ഒന്നു പോലും കളിക്കാനറിയാത്തവരായിരുന്നു അവിടെയുണ്ടായിരുന്ന മുപ്പതോളം പെൺകുട്ടികളിൽ 90 ശതമാനവും
ഇവരെങ്ങനെയാണ് ജീവിതത്തിന്റെ വലിയ കളിക്കളത്തിൽ ഇറങ്ങുക ?
പറയുമ്പം എല്ലാം പറയണമല്ലോ
എന്റെ മക്കൾ അക്ഷരാർത്ഥത്തിൽ ബാല്യം അനുഭവിക്കാൻ പറ്റാത്തവരായിരുന്നു. വീട്ടിൽ ആരുമില്ലാത്ത കുട്ടികളെ കളിക്കാനയക്കാൻ ഞങ്ങൾക്ക് പേടിയായിരുന്നു.
പക്ഷെ സ്കൂളിൽ നടക്കുന്ന എല്ലാ കളിയിലും അവരുടെ പങ്കാളിത്തം ഉറപ്പിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ടീച്ചർ മാറ് പറയുമാരുന്നു എന്തൊരു കളിയാന്നറിയോന്ന് - സന്തോഷം ന്ന് ഞാനും
ഇവിടെ ഒരു കാര്യം പറഞ്ഞു വെക്കട്ടെ, എന്റെ മക്കൾ -ആൺകുട്ടികൾ - ഹൈസ്കൂൾ ക്ലാസിലെത്തിയതിനു ശേഷം കളിക്കാൻ ഗ്രൗണ്ടിലേക്കു പോയിത്തുടങ്ങി
പക്ഷെ അതുപെൺകുട്ടികളായിരുന്നെങ്കിൽ
15 വയസിനു ശേഷം കളിക്കാൻ വിടാൻ പറ്റുമായിരുന്നോ?
അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ നമ്മുടെ പെൺകുട്ടികളെ അതു വരെയെങ്കിലും നിങ്ങൾ കളിക്കാനയക്കൂ.
ഇനി വേണ്ട ,നാട്ടിൽ സൗകര്യമില്ല.
സ്കൂളിൽ കളിക്കാൻ സമ്മതിക്കൂ.
ഇനി സ്കൂളിലെ കാര്യമെടുത്താലോ
കുട്ടികൾക്ക് ഒറ്റ പിരീഡും കളിക്കാൻ ഇണ്ടാവൂല. (PT മാഷില്ലാത്തിടത്ത് കളിയേയില്ല)
എല്ലാ PTA സ്റ്റാഫ് മീറ്റിംഗ് ന്റെയും പ്രധാന അജണ്ട കുട്ടികളെ അച്ചടക്കം പഠിപ്പിക്കലാണ്
- കളിക്കാൻ തമ്മേക്കറ് - എന്നർത്ഥം
കളിയിൽ കൂടെ എത്രയോ വിശാലമായ അച്ചടക്കവും ജീവിത മൂല്യങ്ങളും പഠിക്കുന്നു എന്ന് അറിയുന്നവർ തന്നെയാണ് ഇത് മുടക്കുന്നവർ
ക്ലാസുമുറിയിൽ ഒരിക്കലും ജയിക്കാത്തവന് എപ്പോഴെങ്കിലും കളിയിൽ ജയിച്ചു കാണിക്കാൻ ഒരവസരം ?
ഇന്റർവെൽ , ഉച്ച ഭക്ഷണ ഇടവേള ഈ സമയത്തെല്ലാം കളി കർശനമായി നിരോധിച്ചിരിക്കുന്നു.
ഇനി വല്ലപ്പോഴും കളിക്കാൻ അവസരം കിട്ടീന്നിരിക്കട്ടെ അഞ്ചാം ക്ലാസിനു ശേഷമുള്ള പെൺകുട്ടികൾ നേരത്തെ പറഞ്ഞ പോലെയുള്ള പൊതു കളികൾ കളിക്കുന്നതു മഷിയിട്ടു നോക്കിയാൽ കാണില്ല
.കാരണം കളിക്കുന്നത് വീട്ടിൽ നിന്നും കർശനമായി നിരോധിച്ചിരിക്കുന്നു. നീ വലുതായി.
12 വയസുള്ള പെൺകുട്ടി എത്രയാണ് വലുതായത് രക്ഷിതാക്കളെ?
കഴിഞ്ഞ ദിവസം കാരശേരി മാഷ് ഒരു ചാനൽ ചർച്ചയിൽ വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചിരുന്നു.
"നമ്മുടെ കുട്ടികൾ എങ്ങനെയാണ് തോൽക്കാൻ പഠിക്കുന്നത് " എന്ന്?
വേണ്ടെ?
തോൽക്കാനും തോൽവി അംഗീകരിക്കാനും പഴയ തലമുറയെ സന്നദ്ധമാക്കിയത് തീർച്ചയായും അവരുടെ ബാല്യ കൗമാരങ്ങളിൽ ക്ലാസുമുറിക്ക് പുറത്ത് കിട്ടിയ അനുഭവങ്ങൾ തന്നെയാണ്.
സ്വാഭാവികമായ അത്തരം അനുഭവങ്ങൾ ലഭിക്കാൻ ഇടയില്ലാത്ത കുട്ടികൾക്ക് അത് ബോധപൂർവം ഒരുക്കാൻ നമ്മൾക്ക് കഴിയണം.
ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം
ഒരു എൻജീനിയറിങ് കോളേജിൽ നടന്ന Placement ൽ ഒരു വലിയ കമ്പനി ഒന്നാം റാങ്ക് കിട്ടിയ പെൺകുട്ടിയെ തഴഞ്ഞ് ഒരു വിഷയത്തിൽ തോറ്റ ആൺകുട്ടിയെ സെലക്റ്റ് ചെയ്തു. എന്ന് ഒരു സുഹൃത്ത് എന്നോടു പറഞ്ഞു.
അതിൽ വല്യ അദ്ഭുതമൊന്നുമില്ല
" ഏട്ടിലെ പശു പുല്ലു തിന്നുല" ന്ന് അവർക്ക് മനസിലായി - അത്ര തന്നെന്ന് ഞാനും
നമ്മുടെ പെൺകുട്ടികൾ പഠിച്ച് മാർക്ക് വാങ്ങി അച്ഛനോ ആങ്ങള യോ ഭർത്താവോ സംരക്ഷിക്കുന്ന വെറും പെണ്ണുങ്ങളായി മാറിക്കൊണ്ടിരിക്കുകയാണോ? എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വയം ചിന്തിക്കുന്ന തീരുമാനമെടുക്കാൻ കഴിയുന്ന സ്വതന്ത്ര വ്യക്തിത്വങ്ങളാകുന്നതിന് പുറം അനുഭവങ്ങൾ അത്യാവശ്യ ഘടകമാണ്
അതുകൊണ്ട് പ്രിയപ്പെട്ടവരേ ....
ബാല്യത്തിലെങ്കിലും അവര് കളിക്കട്ടെ
ഓടിച്ചാടിത്തനെ കളിക്കട്ടെ❤️
❤️ പ്രിയപ്പെട്ടവരേ വെറുതെ വായിച്ചു പോകാതെ ഈ വിഷയത്തിൽ നന്നായി പ്രതികരിക്കണം എന്നപേക്ഷ❤️
സരസ്വതി. കെ.എം
Comments
Post a Comment