Skip to main content

Anubhavangal

അനുഭവത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയവർക്കേ തണൽ മരത്തിന്റെ താരള്യം അറിയൂ
എന്റെ തന്നെ വാചകമാണ്

ഇതും ഒരു അനുഭവമാണ്

ഞാൻ ഇത് എഴുതുന്നത് എന്നെപ്പോലെ തിക്തമായ അനുഭവങ്ങളുണ്ടായിട്ടും ജീവിതത്തിലും ഉദ്യോഗത്തിലും പിടിച്ചു കയറിയ പല സ്ത്രീകളുടെയും മനസ് ആണ്
ഇതിൽ കൂടുതൽ അനുഭവിച്ചവരുണ്ടാകാം
അല്ലാത്തവരും ഉണ്ടാകാം
എന്തായാലും ജോലി ചെയ്യുന്ന സ്ത്രീകളിൽ മാനസിക സംഘർഷമില്ലാത്തവർ വളരെ കുറവാണ്.

" ഞാള് ചോറു തിന്നൂലാ "

പി എസ് സി കിട്ടി ജോയിൻ ചെയ്യുമ്പം എന്റെ മോന് ഒരു വയസ് പ്രായം.
കാസർഗോഡ് ജില്ലയിലെ കുമ്പള സബ് ജില്ലയിലെ ഏറ്റവും ഉള്ളിലുള്ള ഒരു മുസ്ലീം സ്കൂൾ

ജോലിയിൽ ജോയിൻ ചെയ്തു കഴിഞ്ഞപ്പോൾ വലിയൊരു പ്രശ്നം ഞങ്ങളെ തുറിച്ചു നോക്കി.
കുഞ്ഞുമോനെ ആരു നോക്കും ?
തത്ക്കാലം AKG യുടെ അമ്മ രണ്ടാഴ്ച നിൽക്കാൻ തീരുമാനിച്ചു 
(അച്ഛനെ പിരിഞ്ഞ് ഒരു ദിവസം പോലും നിൽക്കാത്ത കക്ഷിയാണ് പേരക്കുട്ടിയുടെ കാര്യം വന്നപ്പോ മുൻപിൻ നോക്കാതെ വന്നത് )
കുട്ടിയെ നോക്കാനും വീട്ടുജോലിക്കും പോകുന്ന ആൾക്കാരെ അന്വേഷിക്കാൻ തുടങ്ങി
ഏതായാലും രണ്ടാഴ്ച കഴിയുമ്പോഴേക്കും ഒരു പെൺകുട്ടിയെ ലഭിച്ചു.
ഇരുപത് വയസ് എന്നു പറഞ്ഞെങ്കിലും
പതിനാറ് പതിനേഴു വയസു തോന്നും
അധികം സംസാരിക്കില്ല
വൃത്തിയും വെടിപ്പുമുണ്ട്
എല്ലാർക്കും സന്തോഷമായി.
AKG ഈ കുട്ടിയെയും എന്നെയും സ്കൂളിനടുത്ത് ഞങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാക്കി മടങ്ങി
ഞങ്ങളുടെ റൂമിന്റെ തൊട്ടപ്പുറം മലപ്പുറത്തുള്ള ഒരു ഉസ്താദും കുടുംബവും താമസിക്കുന്നു.
അതിനപ്പുറം രണ്ട് റൂമിൽ എന്റെ സ്കൂളിലെ തന്നെ ഒരു സർ , പിന്നെ ഒരു ടീച്ചർ അവരുടെ കുട്ടി
ഇതാണ് അവിടത്തെ ലോകം
രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ ഓടി
ബുധനോ വ്യാഴോ - ഒരു ദിവസം വൈകിട്ട് ഞാൻ വീട്ടിലെത്തുമ്പോൾ ഈ പെൺകുട്ടി ഭയങ്കരമായി ചർദ്ദിക്കുകയാണ്
ഞാനാകെ പേടിച്ചു പോയി
എന്തു ചെയ്യും ?
സ്കൂളിനപ്പുറം ഒന്നുമറിയില്ല
ഇന്നത്തെപ്പോലെ ഫോണില്ല
ആയിഷ - തൊട്ടടുത്ത റൂമിലെ - പറഞ്ഞു
"ടീച്ചറെ രാവിലേ കൊച്ച് ഇവിടെയാണ് , രാവിലയേ തുടങ്ങിയ ചർട്ടിയാണ് "
" എന്തുപറ്റി മോളേ?"
ഉത്തരമില്ല
നാലു മുറിയിലെ കുടുംബവും ചുറ്റും കൂടി
" മാഷ് പറഞ്ഞു
കുറച്ചു ചൂടുവെള്ളം കൊടുക്കൂ - എന്തായാലും
ഞാൻ മുറിയിൽ കയറി വെള്ളം ചൂടാക്കി വളരെ സ്നേഹത്തോടെ വീണ്ടും ചോദിച്ചു
"എന്താ പറ്റിയത്?
" ചോറ് തിന്നിറ്റാവും " - മറുപടി.
"ചോറ് തിന്നിറ്റോ?-ഞാനും കുഞ്ഞും അതേ ചോറ് തന്നെയാണല്ലോ തിന്നത്?-ഞാൻ അമ്പരന്നു.
അതെ " ഞങ്ങൾ ചോറ് തിന്നാറില്ല :
ചോറ് തിന്നാത്തവരോ? അതും കേരളത്തിൽ? - എനിക്ക് വീണ്ടും അമ്പരപ്പ് !
പിന്നെ എന്താ തിന്നുന്നത്?
- കപ്പയും മീനും
"നിനക്ക് അത് വേണോ?"
ഉം
ഈ ആരെയുമറിയാത്ത സ്ഥലത്ത് ഞാൻ എവിടെപ്പോയി കപ്പ വാങ്ങും എന്റെ പയ്യാവൂരപ്പാ എന്ന് സങ്കടിക്കുമ്പോൾ
വാതിൽക്കൽ ഇസ്മയിൽ മാഷ് (അടുത്ത റൂമിലെ )
ടീച്ചറെ കുറഞ്ഞോ ?
കുറവുണ്ട് പക്ഷെ ! - ഞാൻ നിർത്തി
എങ്ങനെ പറയും? മൂന്നു ദിവസത്തെ പരിചയം.
എന്താ? നമ്മൾ മനുഷ്യരല്ലെ ടീച്ചറെ ?
അവൾ കപ്പയും മീനും മാത്രേ കഴിക്കൂ എന്നാണ് പറയുന്നത്
എങ്ങനെ വാങ്ങും?
അതിനല്ലേ ഞാൻ നിൽക്കുന്നത്? എന്നും പറഞ്ഞ് ഷർട്ട് എടുത്ത് ഇട്ട് മാഷ് ഇറങ്ങി
നിക്ക് മാഷേ പൈസ - എന്നു പറഞ്ഞെങ്കിലും കേട്ടില്ല.
2 കിലോമീറ്ററെങ്കിലും നടന്നാലേ കുമ്പളക്ക് ബസ് കിട്ടു
ഏതായാലും മാഷ് കൊണ്ടു വന്ന കപ്പയും മീനും കഴിച്ച് അവൾ സന്തോഷവതിയായി.
ശനിയാഴ്ച AKG വന്നു. 
വിവരം അറിഞ്ഞ് കപ്പ കുറച്ചധികം വാങ്ങിക്കൊണ്ടുവന്നു.
മത്സ്യത്തിന് ക്ഷാമമില്ല -5 രൂപക്ക് 50 പൈസ കൊട്ടേല് നെറച്ചും മത്തി കിട്ടും.
ആ പ്രശ്നം സോൾവായി.
അങ്ങനെ അടുത്ത ആഴ്ച ആയി.
ഒരു ദിവസം വൈകുന്നേരം ഞാൻ എത്തിയപ്പോൾ ഈ കുട്ടി പറഞ്ഞു.
"എന്റെ മൂക്കുത്തി വീണു പോയി "
ഞാനും ആയിഷയും എല്ലാം കൂടെ പരതി
ഭാഗ്യത്തിന് മൂക്കുത്തി കിട്ടി. അതിന്റെ പിന്നിലെ ആണി കിട്ടിയില്ല
നാട്ടിൽ പോയിട്ട് ശരിയാക്കാം - ഞാൻ ഇത് എന്റെ ബാഗിൽ വെക്കാം - എന്ന് ഞാൻപറഞ്ഞു.
ഒരു വ്യാഴാഴ്ച വൈകുന്നേരം ഞാൻ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് വാടിയ ചേമ്പിൻ തണ്ട് പോലെ ഇവളുടെ ചുമലിൽ കിടക്കുന്നു.
ആയിഷ പറഞ്ഞു.
ടീച്ചറേ ഉച്ചമുതൽ ഈ പെണ്ണ് കരച്ചിലാണ്
കുട്ടിക്ക് ഒന്നും കൊടുത്തിട്ടില്ല
ഞാൻ എടുക്കാൻ ചോദിച്ചിട്ട് തന്നില്ല എന്നൊക്കെ
ഞാൻ വേഗം കുട്ടിയെ വാങ്ങി പാല് കൊടുത്തു.
ഇവൾ എന്നോടൊന്നും സംസാരിക്കുന്നില്ല
ചായയൊക്കെ കുടിച്ച് കഴിഞ്ഞ് സാവകാശം ചോദിച്ചു.
എന്താ മോളെ പ്രശ്നം
കുട്ടി കരയാൻ തുടങ്ങി.
ഞാൻ വിവരം അപ്പുറത്തെ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു.
ആയിഷ പറഞ്ഞു.
ഞാൻ നേരത്തെ യേ ചോയ്ക്ക്ന്ന്ണ്ട് ടീച്ചറേ
"ഓൾക്ക് വീട്ടിപ്പോണംന്ന് "
ആണോ മോളെ?
ഉം
എന്തിനാ ഇപ്പം വീട്ടിപ്പോന്നെ?
എനിക്ക് ഇവിടെ നിൽക്കാൻ പേടിയാ വീട്ടിപ്പോണം
ആയിഷയോട് ഞാൻ കാരണമാണോ എന്ന് ചോദിക്കാൻ പറഞ്ഞു.
നമ്മള് കുഞ്ഞിനെക്കാളും കാര്യമായിട്ടാ അവളെ നോക്കുന്നത്. ഒരു പണിയും ചെയ്യിക്കാറില്ല.
എന്നാലും
ആയിഷ പറഞ്ഞു - അതൊന്നുമല്ല ഓൾക്ക് എന്തായാലും വീട്ടിപ്പോണം എന്നാ പറയുന്നെ
പിറ്റേന്ന് വെള്ളിയാഴ്പ
ഞാൻ ഈ പെൺകുട്ടിയേയും കൂട്ടി നാട്ടിലേക്കു തിരിച്ചു.
തളിപ്പറമ്പ് എത്തിയപ്പോൾ ശ്വാസം നേരെ വീണു.
വീട്ടിലെത്തിയപ്പോൾ എല്ലാരും പേടിച്ചു.
മാഷ് സ്കൂൾ വിട്ടു വന്നയുടെ നെ ഒരു വണ്ടി വിളിച്ച് ഞങ്ങൾ രണ്ടു പേരും കൂടെ അവളുടെ വീട്ടിൽ കൊണ്ടു വിട്ടു.

ഇതൊന്നുമല്ല ക്ലൈമാക്സ്

നേരത്തെ വീണു പോയ അവളുടെ മൂക്കുത്തി എന്റെ ബാഗിലായിരുന്നല്ലോ
ഈ വെപ്രാളത്തിനിടയിൽ അത് കൊടുക്കാൻ മറന്നു പോയി.
വീട്ടിൽ വന്നപ്പോഴാണ് ഓർമ വന്നത്
അച്ഛൻ പറഞ്ഞു.
ഏതായാലും അതിന്റെ ആണി ശരിയാക്കിട്ട് കൊണ്ടുക്കൊടുത്താൽ മതി.
അങ്ങനെ അതും കൊണ്ട് AKG വീണ്ടും അവളുടെ വീട്ടിലെത്തി
അപ്പോൾ അവിടെ ചെറിയൊരു ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്നുകൊണ്ട് ഇവൾ കാര്യങ്ങൾ വിശദീകരിക്കുകയാണ്
അതിൽ പ്രധാനം ഇങ്ങനെ
ഒരു ദിവസം ടീച്ചർ എന്റെ മൂക്കു മുറിയെ ഒരടി തന്നപ്പോഴാണ് മൂക്കുത്തി തെറിച്ചു പോയത് അതവര് തന്നിട്ടില്ല
ഈ സമയത്താണ് ഇതും കൊണ്ട് AK G അവിടെയെത്തുന്നത്
ആളെ മനസിലായആൾക്കൂട്ടം മാഷിനു നേരെ തിരിഞ്ഞു.
" ഒരു കാരണവശാലും ടീച്ചർ അടിക്കൂല
അങ്ങനെയാണെങ്കിൽ ഇവൾ ഇത് നേരത്തെ പറയണ്ടേ - എന്ന് AKG
വഴക്കു മുറുകുന്ന സമയത്താണ് ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ഏട്ടൻ അവിടെ എത്തിയത്
അവരുടെ ഒരു ബന്ധുവിന്റെ കുട്ടിയെ നോക്കാൻ ആളെ അന്വേഷിച്ച് വന്നതായിരുന്നു അയാൾ
ഭാഗ്യത്തിന് ഇയാളെ അവിടെയുള്ള ഒന്നുരണ്ടു പേർക്ക് അറിയാമായിരുന്നു.
: ടീച്ചർ ഒരിക്കലും അങ്ങനെ ചെയ്യൂല അങ്ങനെയാണെങ്കിൽ മൂക്കുത്തി നന്നാക്കി കൊണ്ടുത്തരണമായിരുന്നോ?
ഏതായാലും അടി കൊള്ളാതെ രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ

ഇതൊന്നുമല്ല എന്റെ സങ്കടം

AKG വീണ്ടും എന്നോടു ചോദിച്ചു

" നീ ആ കുട്ടിയെ അടിച്ചിട്ടില്ലാന്ന് ഉറപ്പല്ലേ " ന്ന്

കൂടെക്കിടക്ക്ന്ന ആൾക്കു പോലും രാപ്പനി അറിയില്ലാന്ന് പറഞ്ഞാൽ !!

ഇനിയും പലതും വരാനിരിക്കുന്നതിന്റെ നാന്ദിയാണ് ഇതെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.
അതു പിന്നീട്

സരസ്വതി. കെ.എം.

.

Comments