"ങ്ങള് പള്ളിയാ? അമ്പലാ?"
1999 ആഗസ്തിലാണ് കാസർഗോഡ് ജില്ലയിലെ വടക്കെ അറ്റം കുമ്പള സബ് ജില്ലയിലെ ഒരു വിദ്യാലയത്തിൽ പി എസ് സി കിട്ടി ജോയിൻ ചെയ്തത്
ഞങ്ങൾ ഏഴ് പേർ (14 പേരെ പോസ്റ്റ് ചെയ്തു. പിടിപാടുള്ളവർ നല്ല സ്ഥലങ്ങളിലേക്ക് മാറ്റി വാങ്ങി )
ഏഴിൽ ഞങ്ങൾ രണ്ടു പേർ മഹിളാമണികൾ തിരുനന്തോരം കാരി വിജയറാണിയും ഞാനും
4 മുറികൾ നീളത്തിലുള്ള ക്വാർട്ടേഴ്സിൻ്റെ അങ്ങേയറ്റ് അവളും ഇങ്ങേയറ്റത്ത് ഞാനും
സ്കൂളിൽ ചേർന്ന് ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ രണ്ടു പേരും ഗ്രൗണ്ടിലൂടെ ഉച്ചഭക്ഷണം കഴിഞ്ഞ് വരികയാണ്
ആറാം ക്ലാസിലെ കുറച്ച് ആൺകുട്ടികൾ പരിചയപ്പെടാൻ വന്നു
പേര്?
സ്ഥലം?
ഏതു ക്ലാസിൽ?
ഇങ്ങനെ പറഞ്ഞു വരികെ ഒരുത്തൻ ചോദിച്ചു.
" ങ്ങള് അമ്പലാ പള്ളിയാ?
മെലിഞ്ഞ് പെൻസിലോളം ഉള്ള ഒരു പയ്യൻ
അത് അറിഞ്ഞിട്ടെന്താ 'കാര്യം?! - ഞാൻ
അതല്ലേ അറിയണ്ടേ - മറ്റൊരാൾ
ഞാൻ പള്ളിയാണ് - തർക്കം വേണ്ട മറ്റേ ടീച്ചർ പറഞ്ഞു.
ഇത് ഹിന്ദുവാടാ പേര് കേട്ടാൽ അറിയില്ലേ?(
നീ ഈ പേര് കേട്ടിട്ടുണ്ടോ? ഞാൻ ചോദിച്ചു
പിന്നേ ഇങ്ങളെ പോട്ടം ഇഷ്ടം പോലെ വരച്ച് വെച്ച്റ്റില്ലേ എട്നാമ്മോ പൊട്ടൻമാര് ദൈവത്തിൻ്റെ eപാട്ടം എട്ത്തിന് - തുടർന്ന് അവൻ അഞ്ച് മിനിറ്റ് നീണ്ട ഒരു പ്രസംഗം തന്നെ നടത്തിക്കളഞ്ഞു.
ഞാൻ അന്തം വിട്ടു പോയി
ഒരു പതിനൊന്നുകാരൻ - '' !!
അവൻ ടീച്ചറിൻ്റെ നേരെ തിരിഞ്ഞ്
" ഇങ്ങളെ ഒപ്പിക്കാം - നമ്മളൊന്നുല്ലേല് വകേലെ ബന്ധുക്കളാ"
പിന്നീട് അവിടെ നിന്നു വരുന്നതുവരെ ഈ സംഭവം എന്നെ ഇടയ്ക്കിടെ കൊളുത്തി വലിക്കുമായിരുന്നു.
എന്നാൽ രക്ഷിതാക്കളുടെയോ നാട്ടുകാരുടെ യോ ഭാഗത്തുനിന്ന് ഒരിക്കലും അങ്ങനെയൊരു സമീപനം ഉണ്ടായിട്ടില്ല എന്നു മാത്രമല്ല സഹായം മാത്രേ ഉണ്ടായിട്ടുള്ളു. അത് പിന്നീടൊരിക്കൽ പറയാം
ഈ സംഭവം ഇതേ രീതിയിൽ ആവർത്തിച്ചത് 2016ൽ ആണ്.
ഞാൻ എസ് എസ് എ യിൽ നിന്ന് സ്കൂൾ സന്ദർശനത്തിനു പോകുമ്പോൾ ഒന്നാം ക്ലാസാണ് മിക്കവാറും കയറുക.
അങ്ങനെ ഒരു ഒന്നാം ക്ലാസ് കാരൻ്റെ അടുത്ത് ഇരുന്ന് അവൻ വരക്കുന്നതും എഴുതുന്നതും നോക്കിയിരിക്കെ
അപ്രതീക്ഷിതമായാണ് ചോദ്യം
ഇതേ ചോദ്യം
" നിങ്ങൾ അമ്പലമാണോ പള്ളിയാണോ?
ആ ഒന്നാം ക്ലാസുകാരൻ്റെ നിഷ്കളങ്കമായ മുഖത്ത് നിന്നുമാണ് ആ ചോദ്യം വന്നതെന്ന് വിശ്വസിക്കാനായില്ല
പറ ടീച്ചറെ "
ഞാൻ ഒരു പ്രാദേശിക പ്രത്യേകത വെച്ച് പറഞ്ഞു
"പള്ളി" -
- "ശ്ശെ - അമ്പലമായാ മതിയായിരുന്നു "
ഇത് സ്ഥലകാലഭേദമില്ലാതെ പകരുന്ന ഒരു രോഗമാണെന്ന് വീണ്ടും പല ഒന്നാം ക്ലാസ് ചോദ്യങ്ങൾ തെളിയിച്ചു കൊണ്ടേയിരുന്നു.
ഇത്ര ചെറുപ്പത്തിലേ എന്തിനാണ് കുഞ്ഞു മനസ്സിൽ ഇത്തരം ചിന്തകൾ കയറ്റി വിടുന്നത്?
ആരാണ് അതിന് ചൂട്ടു പിടിക്കുന്നത്? (ആരാണ് ചെയ്യാത്തത് അല്ലെ )
വാൽക്കഷ്ണം: നാലാം ക്ലാസിൽ പഠിക്കുന്ന ഉണ്ണി ഒരു വൈകുന്നേരം
അമ്മേ ടീച്ചർ പറഞ്ഞു എല്ലാർക്കും ജാതിയ്ണ്ട് ന്
എൻ്റെ ക്ലാസിലെ എല്ലാർക്കും ഇണ്ട്
നമ്മളെ ജാതിയെന്നാമ്മേ?
എന്താണു ജാതിയെന്നും എങ്ങനെയാണ് അത് വന്നതെന്നും അമ്മ വിശദീകരിച്ചു.
അവൻ്റെ ജാതിയും പറഞ്ഞു കൊടുത്തു.
എല്ലാ ജാതിക്കും മീതെയാണ് മനുഷ്യത്വം എന്നും (തിരിഞ്ഞിനോ എന്തോ?)
[ നാലാം ക്ലാസിൽ ജാതി വ്യവസ്ഥയെക്കുറിച്ച് പഠിക്കാനുണ്ടായിരുന്നു)
Comments
Post a Comment